തീരുവയ്‌ക്കും മോദിയുടെ വിധേയത്വത്തിനും എതിരെ രാജ്യവ്യാപകമായി ഇൗ മാസം അവസാനം പ്രതിഷേധ പ്രചാരണ പരിപാടികൾ
അമേരിക്കയുടെ തീരുവഭീകരത ; പ്രക്ഷോഭത്തിന് സിപിഐ എം

ന്യൂഡൽഹി
ഡോണൾഡ് ട്രംപിന്റെ ‘തീരുവ ഭീകരത’യ്‌ക്കും മോദി സർക്കാരിന്റെ അമേരിക്കൻ വിധേയത്വത്തിനും എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനും പ്രചാരണ പരിപാടികള്‍ക്കും സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്‌തു. അമേരിക്കയോടും ട്രംപിനോടുമുള്ള മോദിസർക്കാരിന്റെ സന്പൂർണവിധേയത്വം തുറന്നുകാട്ടുന്ന രീതിയിൽ സെപ്‌തംബർ അവസാന വാരം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എ കെ ജി ഭവനിൽ കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഇൗ ഗ്രഹത്തിന്റെ മുഴുവൻ പ്രസിഡന്റാണെന്ന ഭാവത്തിലാണ് ട്രംപിന്റെ ഇടപെടലുകൾ. മോദിയും കേന്ദ്രസർക്കാരും അതിന് മുന്നിൽ പൂർണമായും കീഴടങ്ങി. ഇന്ത്യക്കുമേൽ ഭീമമായ തീരുവകൾ ചുമത്തിയ ട്രംപിന്റെ നടപടി തികഞ്ഞ അസംബന്ധമാണ്. താൻ നിർദേശിച്ച സമയത്ത് വ്യാപാരകരാർ യാഥാർഥ്യമാക്കാത്തതിനും റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനുമാണ് ഇന്ത്യക്ക് അധിക തീരുവ ചുമത്തിയത്. കടുത്ത നിയമലംഘനങ്ങൾ നടത്തിയ ട്രംപിന്റെ ചങ്ങാതി ബൊൾസനാരോയെ പ്രോസിക്യൂട്ട് ചെയ്‌തതിനാണ് ബ്രസീലിന് ഭീമമായ തീരുവ ചുമത്തിയത്. ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമാണെന്ന് അമേരിക്കയിലെ നിയമസംവിധാനം വിധിച്ചിട്ടുണ്ട്. എന്നിട്ടും അതിനെ നിവർന്നുനിന്ന് ചോദ്യംചെയ്യാൻ മോദിക്കോ കേന്ദ്രസർക്കാരിനോ കഴിയുന്നില്ല. അമേരിക്കൻ താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് സ്വതന്ത്ര വ്യാപാരകരാറുണ്ടാക്കാൻ നോക്കുകയാണ്.
വ്യാപാരകരാർ ഉണ്ടാക്കുന്നതിനുമുന്പ് അത് ബാധിക്കുന്ന എല്ലാ മേഖലകളുമായും കൂടിആലോചിക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാർ അവഗണിച്ചു. ഇൗ സാഹചര്യത്തിൽ, ട്രംപിന്റെ തീരുവ ഭീകരതയ്‌ക്കും കേന്ദ്രസർക്കാരിന്റെ വിധേയത്വത്തിനും എതിരെ സിപിഐ എം രാജ്യവ്യാപകമായി പ്രചരണ പരിപാടികൾ സംഘടിപ്പിക്കും– ബേബി പറഞ്ഞു.
‘പലസ്‌തീന് ഐക്യദാർഢ്യം’
പലസ്‌തീന് ഐക്യദാർഢ്യം അറിയിച്ച് രാജ്യമുടനീളം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാനും കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. അമേരിക്കയുടെ റൗഡിയായ ഇസ്രയേൽ പലസ്‌തീനിൽ നടത്തുന്ന നിഷ്‌ഠൂരമായ കടന്നാക്രമണങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് മോദി സർക്കാരിന്റേത്. പലസ്‌തീന് ഐക്യദാർഢ്യവുമായി എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പരിപാടികൾ നടത്തും. രാഷ്ട്രീയപാർടികൾ, സാംസ്‌കാരിക സംഘടനകൾ, എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങിയവരെ അണിനിരത്തി ഇസ്രയേൽ ഭീകരത തുറന്നുകാണിക്കുമെന്നും എം എ ബേബി പറഞ്ഞു.ഇതിനുപുറമേ, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്‌തു. കേന്ദ്രകമ്മിറ്റി അംഗം മുരളീധരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തുടർഭരണത്തിന് തുടർച്ചയുണ്ടാകും
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിന് തുടർച്ചയുണ്ടാകാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. തുടർഭരണത്തിന് തുടർച്ച എന്ന പുതിയ ചരിത്രം കുറിക്കാനുള്ള അവസരമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പുകളെ നേരിടാൻ പാർടിയും മുന്നണിയും എല്ലാ രീതിയിലും സജ്ജമാണെന്നും ബേബി പറഞ്ഞു.
കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാൾ, ബിഹാർ തുടങ്ങി തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ പാർടിയുടെയും മുന്നണികളുടെയും മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും കേന്ദ്രകമ്മിറ്റി പരിശോധിച്ചു. ബംഗാളിൽ സമീപകാലത്ത് പാർടി വലിയ മുന്നേറ്റമാണ് നടത്തിയത്. ബിഹാറിൽ സീറ്റ് ചർച്ചകൾ സജീവമായി പുരോഗമിക്കുന്നുണ്ട്– ബേബി പറഞ്ഞു.









0 comments