പാചക വാതക, ഇന്ധന വിലവർധന; രാജ്യവ്യാപക പ്രതിഷേധവുമായി സിപിഐ എം

ന്യൂഡൽഹി: പാചക വാതക, ഇന്ധന വിലവർധനവിലൂടെ ജനവിരുദ്ധ നയം തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി സിപിഐ എം. പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന വില വർദ്ധനയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിക്കാൻ പാർടിയുടെ എല്ലാ ഘടകങ്ങളോടും പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്‌തിരുന്നു.
ഗ്യാസ് വിലവർധനവിനെതിരെ സിപിഐ എം ഹൈദരാബാദ് സെൻട്രൽ സിറ്റി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം അരുൺ കുമാർ, കേന്ദ്ര കമ്മിറ്റി അംഗവും തെലങ്കാന സംസ്ഥാന സെക്രട്ടറിയുമായ ജോൺ വെസ്‍ലി, കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ടി ജ്യോതി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ മഹാന്തി മാർക്കറ്റിൽ തെഴിലാളികൾ നടത്തിയ ധർണയിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് സി എച്ച് ബാബു റാവു പങ്കെടുത്തു. തമിഴ്നാട്ടിലെ നോർത്ത് ചെന്നൈയിലും മോദി സർക്കാരിനെതിരെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.
പൊതു വിഭാഗങ്ങൾക്കും സബ്സിഡി വിഭാഗങ്ങൾക്കുമുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 50 രൂപയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഇതോടെ 7,000 കോടി രൂപയുടെ അധിക ബാധ്യതയാണ് പൊതുജനങ്ങൾക്കുമേൽ വന്നത്. കൂടാതെ, പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക എക്സൈസ് തീരുവയിൽ സർക്കാർ 32,000 കോടി രൂപയുടെ വർധനയും വരുത്തി.
പണപ്പെരുപ്പം മൂലം ഇതിനകം തന്നെ കഷ്ടപ്പെടുന്ന പൊതുജനങ്ങളെ പാചക വാതക വില വർധന വഴി വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ എണ്ണയുടെയും വാതകത്തിന്റെയും വിലയിടിവിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് പകരം കേന്ദ്ര സർക്കാർ അധിക ബാധ്യതകൾ ചുമത്തുകയാണ്. പ്രത്യേക എക്സൈസ് തീരുവ വഴി എല്ലാ ഫെഡറൽ തത്വങ്ങളും ലംഘിച്ച് വരുമാനം മുഴുവൻ കവർന്നെടുക്കുകയാണ് കേന്ദ്രം.









0 comments