പലസ്‌തീനുവേണ്ടി എന്തിന് പ്രതിഷേധം? വിചിത്രചോദ്യവുമായി കോടതി
ബോംബെ ഹൈക്കോടതിയുടെ ഭരണഘടനാവിരുദ്ധ നിരീക്ഷണങ്ങൾ അപലപനീയം : സിപിഐ എം

ന്യൂഡൽഹി
ഗാസയിലെ ഇസ്രയേൽ വംശഹത്യക്കെതിരെയുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി നടത്തിയ ഭരണഘടനാവിരുദ്ധ നിരീക്ഷണങ്ങളെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. പാർടിയുടെ ദേശസ്‌നേഹത്തെ ചോദ്യംചെയ്യുംവിധം കോടതി പരിധി ലംഘിച്ചുവെന്ന് പിബി പ്രസ്‌താവനയിൽ പറഞ്ഞു.
രാഷ്‌ട്രീയ പാർടിയുടെ അവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടന വ്യവസ്ഥകളെപ്പറ്റിയോ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെപ്പറ്റിയോ സ്വതന്ത്ര പലസ്‌തീൻ എന്ന ആവശ്യത്തിനും പലസ്‌തീൻ ജനതയ്‌ക്കും നാം നൽകിവരുന്ന ഐക്യദാർഢ്യത്തെപ്പറ്റിയോ ബെഞ്ചിന് അറിവില്ലാത്തത് വിരോധാഭാസമാണ്. കേന്ദ്രസർക്കാരിനോടുള്ള വ്യക്തമായ രാഷ്‌ട്രീയ പക്ഷപാതിത്വമാണ് കോടതിയുടെ നിരീക്ഷണങ്ങൾ വെളിവാക്കുന്നത്. 1940ൽ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും പിന്നീട് സ്വതന്ത്ര ഇന്ത്യയും പിന്തുടർന്ന വിദേശ നയവും പലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും മാതൃരാജ്യത്തിനുമുള്ള അവകാശത്തെ പിന്തുണയ്‌ക്കുന്നതാണെന്ന വസ്‌തുത കോടതി അവഗണിച്ചു. ഇസ്രയേൽ നടപടിയെ ആഗോള സമൂഹം അപലപിക്കുന്നതും ഐക്യരാഷ്‌ട്ര സംഘടനയുടെ വിവിധ ഏജൻസികൾ, അന്താരാഷ്‌ട്ര നീതിന്യായകോടതി എന്നിവയുടെ പ്രഖ്യാപിത നിലപാടുകളപ്പറ്റിയും കോടതിക്ക് ഇനിയും മനസ്സിലായിട്ടില്ല. ഇത്തരം നിന്ദ്യമായ മനോഭാവത്തെ എതിർക്കുന്ന സിപിഐ എം നിലപാടിനൊപ്പം ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സ്‌നേഹിക്കുന്നവർ അണിചേരണം –പിബി- പ്രസ്‌താവനയിൽ പറഞ്ഞു.
പലസ്‌തീനുവേണ്ടി എന്തിന് പ്രതിഷേധം? വിചിത്രചോദ്യവുമായി കോടതി
ഗാസയിലെ ഇസ്രയേൽ വംശഹത്യക്കെതിരെ മുംബൈ ആസാദ് മൈതാനിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അഖിലേന്ത്യ ഐക്യദാര്‍ഢ്യ സമിതിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെയാണ് സിപിഐ എം ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ നൽകിയ സംഘടനയല്ല കോടതിയെ സമീപിച്ചെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഭരണഘടനാവിരുദ്ധ നിരീക്ഷണങ്ങള്‍ നടത്തിയത്.
"നിങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌ത സംഘടനയാണ്. രാജ്യത്ത് തന്നെ ആവശ്യത്തിന് പ്രശ്നങ്ങളുള്ളപ്പോള്‍ എന്തിനാണ് പലസ്‌തീൻ വിഷയത്തിൽ പ്രതിഷേധിക്കുന്നത്. മാലിന്യം, മലിനീകരണം, അഴുക്കുചാൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഏറ്റെടുക്കണം. നിങ്ങളുടെ രാജ്യത്തേക്ക് നോക്കൂ. ദേശസ്‌നേഹികളാകൂ. ആയിരക്കണക്കിന് കിലോമീറ്റർ അപ്പുറത്ത് നടക്കുന്ന എന്തോ ഒന്നിനെതിരെയാണ് നിങ്ങൾ പ്രതിഷേധിക്കുന്നത്. ഇത് ഇന്ത്യയുടെ വിദേശനയത്തെ ബാധിക്കും.’ –-ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിചിത്രമായ നിരീക്ഷണം.









0 comments