ഗൂഡല്ലൂർ കാരക്കുന്ന് ഉന്നതി
ദുരിതജീവിതത്തിൽ ഇരുപതോളം കുടുംബങ്ങൾ

ഗൂഡല്ലൂർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഗൂഡല്ലൂർ താലൂക്കിലെ കാരക്കുന്ന് ആദിവാസി ഉന്നതി നിവാസികൾ ദുരിതത്തിൽ. ദേവർഷോല പഞ്ചായത്തിലെ ഉന്നതിയിലെ ഇരുപതോളം കുടുംബങ്ങളാണ് വീടും റോഡുമടക്കം ഇല്ലാതെ ദുരിതത്തിൽ ജീവിക്കുന്നത്. ഉന്നതിയിലെ ഭൂരിഭാഗം പേർക്കും സുരക്ഷിതമായ വീടുകളില്ല. പത്തോളം കുടുംബങ്ങൾ അടച്ചുറപ്പില്ലാത്ത കുടിലുകളിലാണ് ഉറങ്ങുന്നത്. മഴക്കാലമായാൽ കൂരകൾ ചോർന്നൊലിക്കും. ഒരു വീട്ടിൽത്തന്നെ മൂന്ന് കുടുംബങ്ങൾവരെ തിങ്ങിപ്പാർക്കുന്നു. ചില വീടുകളുടെ നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു. യാത്രാക്ലേശമാണ് മറ്റൊരു പ്രധാന പ്രശ്‌നം. കാരക്കുന്ന്, കുറ്റിമൂച്ചി, പാലംവയൽ, ദേവൻ രണ്ടാം ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നുകിടക്കുകയാണ്. റോഡ് നിർമാണം പൂർത്തിയാക്കാത്തതിനാൽ രണ്ട് കിലോമീറ്ററോളം ദൂരം കാൽനടയായി സഞ്ചരിക്കണം. മഴക്കാലത്ത് റോഡിൽ ചെളി നിറഞ്ഞതോടെ ഓട്ടോയടക്കമുള്ളവ സർവീസ് നിർത്തി. ഇതോടെ സാധനങ്ങൾ തലച്ചുമടായി വേണം വീടുകളിലെത്തിക്കാൻ. കുട്ടികൾ സ്കൂളുകളിലേക്ക് കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നു. റോഡും വീടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. വിഷയത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ഉന്നതി നിവാസികൾ പറഞ്ഞു.








0 comments