ഉറങ്ങാത്ത കാവലാൾ

തിരുനെല്ലി ‘ജിതിൻ കെ ആർ’–തിരുനെല്ലിക്കൊരു പേരല്ല. ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡന്റ് മാത്രവുമല്ല. നാടിന്റെ ഉറങ്ങാത്ത കാവലാളാണ്. കടുവയും പുലിയും കാട്ടാനയുമെല്ലാം നാടിന്റെ ഉറക്കംകെടുത്തുന്പോൾ ഉറങ്ങാതെ ജിതിനും കൂട്ടരുമുണ്ടാകും. നാട്ടിലൊരു അത്യാഹിതമുണ്ടായാൽ ആദ്യമെത്തുന്ന വിളികളിലൊന്ന് ജിതിനായിരിക്കും. ഏത് പാതിരാത്രിയിലും എവിടേക്കും ഇറങ്ങിപ്പോകും. ആവശ്യം നിറവേറ്റുന്നതുവരെ അവരോടൊപ്പമുണ്ടാകും. നാടിന്റെ പ്രിയ സഖാവ് സ്ഥാനാർഥിയായതോടെ തിരുനെല്ലിയിൽ ആവേശം വാനോളമാണ്. പ്രിയപ്പെട്ടവനെ ജില്ലാ പഞ്ചായത്തിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് ചുവന്നമണ്ണ്. തിങ്കൾ രാവിലെ എടയൂർക്കുന്നിലേക്ക് ജിതിനെത്തിയപ്പോൾ ഓരോ വീടുകളിൽനിന്നും ആളുകൾ പുറത്തേക്ക് എത്തി. ഓരോരുത്തർക്കും കുടുംബാംഗമാണ്. അടുത്ത വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള യാത്രയിൽ ഇവരും സ്ഥാനാർഥിക്കൊപ്പം ചേരുകയാണ്. ഒരിടത്തും അപരിചിതത്വമില്ല. കയറിച്ചെല്ലുന്നിടത്തെല്ലാം ആലിംഗനവും വിജയാശംസകളും മാത്രം. തിരുനെല്ലിക്കുവേണ്ടി ജിതിൻ നയിച്ച സമരങ്ങൾക്ക് കണക്കില്ല. പ്രക്ഷോഭത്തിന്റെ മുൻനിരയിൽ തീജ്വാലയാകുന്ന സമരയുവത്വം ആദ്യമായി സ്ഥാനാർഥിയായതിന്റെ ആവേശവും നാട്ടുകാർക്കുണ്ട്. എടയൂർക്കുന്ന് പിന്നിട്ട് ആലത്തൂരും കൂന്പാരക്കുനിയും കഴിഞ്ഞ് പനവല്ലിയിലെത്തിയപ്പോൾ നേരം വൈകിയിരുന്നു. ഓരോ വാർഡിലും വീടുകൾ കയറിയിറങ്ങി. വാർഡ് സ്ഥാനാർഥികളായ കാവേരി, അബ്ദുൾസലാം, രാജേഷ് എം ആർ, മീനാക്ഷി എന്നിവരും പനവല്ലി ബ്ലോക്ക് സ്ഥാനാർഥി ബേബി മാസ്‌റ്ററും ഒപ്പമുണ്ടായിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ആദ്യറൗണ്ട് പര്യടനം പൂർത്തിയാക്കിയാണ് പ്രചാരണം മുന്നേറുന്നത്. ഡിവിഷനിൽ ഉൾപ്പെടുന്ന തവിഞ്ഞാലിലെ കൈതക്കൊല്ലിയിലും പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വാർഡുകളിലുമെത്തി. വരുംദിവസങ്ങളിൽ ഇവിടങ്ങളിൽ കൂടുതൽ കേന്ദ്രീകരിക്കും.








0 comments