തെരഞ്ഞെടുപ്പുകളിൽ ബിജെപിവിരുദ്ധ വോട്ടുകൾ
 പരമാവധി ഏകോപിപ്പിക്കാൻ അടവുനയം സ്വീകരിക്കണം

പോരാട്ടപാതയിൽ 
ഒറ്റക്കെട്ട്‌ ; രാഷ്‌ട്രീയപ്രമേയം അംഗീകരിച്ചു

cpim party congress

നടൻ സമുദ്രക്കനിയെ സ്വീകരിക്കുന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഫോട്ടോ: ജി പ്രമോദ്

avatar
Sajan Evugen

Published on Apr 05, 2025, 02:46 AM | 2 min read


കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാൾ (തമുക്കം മൈതാനം, മധുര)

സിപിഐ എമ്മിന്റെ സ്വതന്ത്രകരുത്ത്‌ വർധിപ്പിക്കുന്നതിനും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന രാഷ്ട്രീയപ്രമേയം 24–-ാം പാർടി കോൺഗ്രസ്‌ വെള്ളിയാഴ്‌ച ഐകകണ്‌ഠ്യേന അംഗീകരിച്ചു. ഹിന്ദുത്വ വർഗീയ,- കോർപറേറ്റ്‌,- അമിതാധികാര അജൻഡ മുന്നോട്ടുകൊണ്ടുപോകുന്ന ബിജെപിക്കും -ആർഎസ്‌എസിനും എതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിശാലസഖ്യം രൂപപ്പെടുത്തണം. ഇടതുപക്ഷ, ജനാധിപത്യ പൊതുവേദിക്കും പരിപാടിക്കും രൂപം നൽകാനായി ബഹുജനസംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളും അടക്കം എല്ലാ ഇടതുപക്ഷ–-ജനാധിപത്യ ശക്തികളെയും അണിനിരത്താൻ പ്രവർത്തിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.


തെരഞ്ഞെടുപ്പുകളിൽ ബിജെപിവിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാൻ അടവുനയം സ്വീകരിക്കണം. ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്‌തമായതിനാൽ അതിനു യോജിച്ച തന്ത്രം സ്വീകരിക്കാം. കോൺഗ്രസുമായി രാഷ്‌ട്രീയസഖ്യത്തിനു കഴിയില്ലെങ്കിലും സഹകരണമാകാം. ഇന്ത്യ കൂട്ടായ്‌മ അംഗങ്ങളുമായി പാർലമെന്റിനുള്ളിൽ സഹകരിക്കും; പുറത്ത്‌ വിഷയാധിഷ്‌ഠിത സഹകരണം തുടരും. ബിജെപിയെ ശക്തമായി എതിർക്കുന്ന പ്രാദേശിക പാർടികളുമായി സഹകരിക്കും. ഇത്തരം പാർടികൾ നയിക്കുന്ന സർക്കാരുള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക്‌ ഗുണകരമായ പദ്ധതികൾക്ക്‌ പിന്തുണ നൽകും. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ എതിരായ ഏതു നയത്തെയും ജനങ്ങളെ അണിനിരത്തി എതിർക്കണം.


ജാതീയമായ അടിച്ചമർത്തലുകൾക്കും വിവേചനങ്ങൾക്കും എതിരായി പൊരുതണം. സ്‌ത്രീകൾ, ദളിതർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കും. ആദിവാസിമേഖലകളിലെ പ്രവർത്തനങ്ങൾക്ക്‌ പ്രത്യേക ശ്രദ്ധ നൽകും. സംസ്ഥാനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കാനായി പാർടി നിലകൊള്ളണമെന്നും രാഷ്‌ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു. യാഥാർഥ ബദൽ സോഷ്യലിസമാണെന്ന്‌ ശക്തമായി അവതരിപ്പിക്കണം.


പൊളിറ്റ്‌ബ്യൂറോ കോ–-ഓർഡിനേറ്റർ പ്രകാശ്‌ കാരാട്ട്‌ അവതരിപ്പിച്ച രാഷ്‌ട്രീയ അവലോകന റിപ്പോർട്ടിനും കരട്‌ രാഷ്‌ട്രീയ പ്രമേയത്തിനുംമേൽ രണ്ടുദിവസമായി നടന്ന പൊതുചർച്ചയിൽ 54 പേർ പങ്കെടുത്തു. 174 ഭേദഗതി പരിഗണനയ്‌ക്കുവന്നു. ചർച്ചയ്‌ക്ക്‌ പ്രകാശ്‌ കാരാട്ട്‌ മറുപടി പറഞ്ഞു. ദേശീയ, സാർവദേശീയ രംഗങ്ങളിലെ പുതിയ സംഭവവികാസങ്ങളും കൂട്ടിച്ചേർത്ത്‌ പ്രമേയം എല്ലാ പ്രതിനിധികളുടെയും പിന്തുണയോടെ അംഗീകരിച്ചു.


ഗാസയിൽ ഇസ്രയേലിന്റെ വംശഹത്യ നേരിടുന്ന പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രത്യേക പ്രമേയം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി അവതരിപ്പിച്ചു. പൊളിറ്റ്‌ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ പിന്താങ്ങി. പ്രതിനിധികൾ ഒന്നടങ്കം കഫിയ ധരിച്ച്‌ മുദ്രാവാക്യം വിളിയോടെ പലസ്‌തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പാർടി കോൺഗ്രസ്‌ സുവനീർ പിബി അംഗം പിണറായി വിജയൻ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗം ഐഷി ഘോഷിന്‌ നൽകി പ്രകാശിപ്പിച്ചു.


വൈകിട്ട്‌ പൊളിറ്റ്‌ബ്യൂറോ അംഗം ബി വി രാഘവുലു കരട്‌ സംഘടനാറിപ്പോർട്ട്‌ അവതരിപ്പിച്ചു. ശനിയാഴ്‌ച കരട്‌ സംഘടനാറിപ്പോർട്ടിന്മേൽ ചർച്ച നടക്കും. തുടർന്ന്‌ പാർടി ഭരണഘടനാഭേദഗതി അവതരിപ്പിക്കും. കരട്‌ സംഘടനാ റിപ്പോർട്ടിലെ ചർച്ചയ്‌ക്ക്‌ ഞായറാഴ്‌ച രാവിലെ മറുപടി പറയും. പുതിയ കേന്ദ്രകമ്മിറ്റിയെയും കൺട്രോൾ കമീഷനെയും തെരഞ്ഞെടുക്കും. ഉച്ചയ്‌ക്കുശേഷം ചുവപ്പുസേനാ പരേഡും റാലിയും പൊതുസമ്മേളനവും നടക്കും.






deshabhimani section

Related News

View More
0 comments
Sort by

Home