രാജ്യതാൽപ്പര്യങ്ങൾക്ക്‌ 
എതിരായ നിയമനിർമാണം 
പ്രതിപക്ഷം എതിർക്കണം

തീരുവ ഭീഷണിക്ക്‌ കേന്ദ്രം വഴങ്ങരുത്‌ : സിപിഐ എം

cpim on us tax
വെബ് ഡെസ്ക്

Published on Aug 20, 2025, 03:45 AM | 2 min read


ന്യൂഡൽഹി

ട്രംപ്‌ ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക്‌ കേന്ദ്രസർക്കാർ വഴങ്ങരുതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. യുഎസ്‌ സമ്മർദം അതിജീവിക്കാൻ മറ്റ്‌ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയും ബഹുധ്രുവ ലോകത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും വേണം.

യുഎസ്‌ പ്രഖ്യാപിച്ച 50 ശതമാനം തീരുവയിൽ 25 ശതമാനം റഷ്യയിൽനിന്ന്‌ അസംസ്‌കൃത എണ്ണ വാങ്ങുന്നതിന്റെ പേരിലാണ്‌. അധികതീരുവ ഇന്ത്യയുടെ കാർഷിക, മത്സ്യബന്ധന, ടെക്‌സ്റ്റൈൽസ്‌, ചെറുകിട മേഖലകളെ ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത്‌ നിർത്തുന്നത്‌ വിലക്കയറ്റമുണ്ടാക്കും. റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങുന്നത്‌ കുറച്ച്‌ യുഎസിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമാണ്‌ ട്രംപ്‌ ഭരണകൂടം ആഗ്രഹിക്കുന്നത്‌. തീരുവയിളവ്‌ ലഭിക്കുമെന്ന പ്രതീക്ഷയിൽ യുഎസിൽനിന്ന്‌ കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാമെന്ന്‌ മോദി സർക്കാർ ഉറപ്പ്‌ നൽകിയിരുന്നു. ഇത്തരം സമ്മർദങ്ങൾക്ക്‌ വഴങ്ങരുത്‌.


​ജമ്മു കശ്‌മീരിനായി 
സംഘടിക്കണം

സ്വയംഭരണാവകാശത്തോടെ ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ച്‌ കിട്ടാൻ ജനങ്ങൾ സംഘടിക്കണമെന്ന്‌ പിബി ആവശ്യപ്പെട്ടു. അഞ്ചുവർഷം മുമ്പാണ്‌ മോദി സർക്കാർ പ്രത്യേകപദവി എടുത്തുകളഞ്ഞ്‌ സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്‌. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്‌. ഭീകരത ഇല്ലാതാക്കാനോ ജനങ്ങൾക്ക്‌ സുരക്ഷ ഉറപ്പുവരുത്താനോ കഴിഞ്ഞിട്ടില്ല. പഹൽഗാം ഭീകരാക്രമണം കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി.


ആറുമാസത്തിനുള്ളിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കാമെന്ന്‌ കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ്‌ പാലിച്ചില്ല. പഹൽഗാം ആക്രമണം ചൂണ്ടിക്കാട്ടി സംസ്ഥാനപദവി വിഷയം ചർച്ച ചെയ്യേണ്ട ഘട്ടമല്ല ഇതെന്ന ദ‍ൗർഭാഗ്യകരമായ നിലപാടാണ്‌ സുപ്രീംകോടതി സ്വീകരിച്ചത്‌. വാഗ്‌ദാനങ്ങൾ നിറവേറ്റാത്തതിൽ കടുത്ത നിരാശയും ക്ഷോഭവും ജമ്മു–കശ്‌മീരിലെയും ലഡാക്കിലെയും ജനങ്ങൾക്കുണ്ട്‌– പിബി പറഞ്ഞു.


രാജ്യതാൽപ്പര്യങ്ങൾക്ക്‌ 
എതിരായ നിയമനിർമാണം 
പ്രതിപക്ഷം എതിർക്കണം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കായിക ബിൽ, ഖനി– ധാതു ഭേദഗതി ബിൽ എന്നിവയടക്കം പല ബില്ലുകളും സർക്കാർ ഏകപക്ഷീയമായി പാസാക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ.


ആണവബാധ്യതാ ബില്ലും കൊണ്ടുവരാൻ നീക്കമുണ്ട്‌. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നുള്ളതാണ്‌ സ്‌പോർട്‌സ്‌ ബിൽ. ഖനി– ധാതു ബില്ലും ആണവബാധ്യതാ ബില്ലും നിർണായക മേഖലകളിൽ സ്വകാര്യ– വിദേശ മൂലധനത്തിന്‌ പ്രവേശനം അനുവദിക്കുന്നു.


രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കെതിരായ ബില്ലുകളെ എതിർക്കാൻ എല്ലാ രാഷ്ട്രീയ പാർടികളും തയ്യാറാകണം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മറ്റ്‌ പ്രതിപക്ഷ പാർടികളുമായി യോജിച്ച്‌ ജസ്‌റ്റിസ്‌ സുദർശൻ റെഡ്ഡിയുടെ വിജയത്തിനായി സിപിഐ എം പ്രയത്‌നിക്കും. ഉത്തരാഖണ്ഡിലും ജമ്മു കശ്‌മീരിലും പ്രകൃതിക്ഷോഭങ്ങളിൽ നിരവധിപേർ മരിച്ചതിൽ പിബി അനുശോചനം രേഖപ്പെടുത്തി.

മോദിയുടെ പ്രശംസ ; സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്ത ആർഎസ്‌എസിന്‌ അംഗീകാരം 
നൽകാനുള്ള ശ്രമം

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ആർഎസ്‌എസിനെ പരാമർശിച്ചതിനെ സിപിഐ എം പിബി നിശിതമായി വിമർശിച്ചു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്‌എസിന്‌ അംഗീകാരം നൽകാനാണ്‌ മോദി ശ്രമിച്ചത്‌. ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ജനസംഖ്യാ ദ‍ൗത്യവും പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് മുസ്ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുകയെന്ന ലക്ഷ്യത്തോടെയാണിത്‌. എല്ലാ മുസ്ലിങ്ങളും നുഴഞ്ഞുകയറ്റക്കാരാണെന്നും അവരെ രാജ്യത്തുനിന്ന്‌ തുരത്തണമെന്നുമുള്ള ആർഎസ്‌എസ്‌ പ്രചാരണത്തിന്‌ സാധുത നൽകുകയാണ്‌ പ്രധാനമന്ത്രിയുടെ ലക്ഷ്യം.


ജിഎസ്‌ടി നിരക്കുകൾ കുറയ്‌ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിരക്കുകളിലെ കുറവ്‌ ജനങ്ങളിലെത്തുമെന്ന്‌ ഉറപ്പാക്കണം. വരുമാനത്തിൽ ഇടിവുണ്ടായാൽ സംസ്ഥാനങ്ങൾക്ക്‌ നഷ്‌ടപരിഹാരം നൽകാനും സർക്കാർ തയ്യാറാകണം.


മാലെഗാവ്‌ സ്‌ഫോടനക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ മഹാരാഷ്‌ട്ര സർക്കാർ തയ്യാറാകണം. ബോംബെ ഹൈക്കോടതിയുടെ രണ്ട്‌ വിധികളിൽ വ്യത്യസ്‌ത സമീപനമാണ്‌ മഹാരാഷ്‌ട്രയിലെ എൻഡിഎ സർക്കാരിന്റേത്‌. തീവ്രഹിന്ദുത്വശക്തികൾ പ്രതികളായ മാലേഗാവ്‌ കേസിൽ അപ്പീലിന്‌ സർക്കാർ തയ്യാറായിട്ടില്ല. ശരിയായ വിചാരണയിലൂടെ പ്രതികൾ ശിക്ഷിക്കപ്പെടുന്നുവെന്ന്‌ ഉറപ്പാക്കണം– പിബി ആവശ്യപ്പെട്ടു.​​



deshabhimani section

Related News

View More
0 comments
Sort by

Home