'ആരതിയുടെ സഹോദരൻ' ഞങ്ങളുടെയും സാരഥി; മുസഫറിനോടൊപ്പം സിപിഐ എം എംപിമാർ

aa rahim
വെബ് ഡെസ്ക്

Published on Jun 10, 2025, 01:45 PM | 2 min read

ശ്രീന​ഗർ: 'കശ്മീരിൽ എനിക്ക് രണ്ടു സഹോദരങ്ങളെ കിട്ടി, മുസാഫിറും സമീറും!.. അല്ലാഹു അവരെ രക്ഷിക്കട്ടെ'... പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതിയുടെ ഹൃദയസ്പർശിയായ വാക്കുകളിലൂടെ മലയാളി പരിചയപ്പെട്ട മുസാഫിറിനൊപ്പം സിപിഐ എം എംപിമാർ.


പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ– പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ കശ്മീർ സന്ദർശിക്കുന്ന സിപിഐ എം പ്രതിനിധി സംഘത്തിന്റെ സാരഥി മുസഫിറാണ്. ശ്രീനഗർ വിമാനത്താവളത്തിന് പുറത്ത് മുസാഫിറിനും കെ രാധാകൃഷ്‌ണനുമൊപ്പമുള്ള ചിത്രം എ എ റഹീം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. മതം നോക്കി നിരപരാധികളുടെ നേരെ നിറയൊഴിക്കുന്ന മതതീവ്രവാദത്തിന് മുന്നിൽ മുട്ടുമടക്കാത്ത മനുഷ്യർ. ആരതിയെ ചേർത്തു പിടിച്ച 'അവളുടെ സഹോദരനൊപ്പം'- എന്ന കുറിപ്പോടെയാണ് റഹീം ചിത്രം പങ്കുവെച്ചത്. ഞങ്ങളുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം മുസാഫിറിന്റെതാണെന്നും യഥാർഥത്തിൽ മുസാഫിറിനെയും സമീറിനെയും പോലുള്ള അനേകം കാശ്മീരി സഹോദരങ്ങൾക്ക് മുന്നിലാണ് തീവ്രവാദം തോറ്റമ്പി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.



ണ്ടു ദിവസത്തെ സന്ദർശനത്തിനായി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗം അമ്രാ റാം, ലോക്‌സഭാ നേതാവ്‌ കെ രാധാകൃഷ്‌ണൻ, എംപിമാരായ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, സൂ വെങ്കടേശൻ, എ എ റഹീം എന്നിവരാണ് കശ്മീരിലെത്തിയത്. ഡൽഹിയിൽ സർവകക്ഷി സംഘാംഗങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ നാളെ സംഘത്തോടൊപ്പം ചേരും.


പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് ദൃക്‌സാക്ഷിയായ ആരതി കശ്മീരിലെ സഹോദരങ്ങളെ കുറിച്ച് പറഞ്ഞത്. ‘കശ്‌മീരിന്റെ മണ്ണിൽ കൺമുന്നിലാണ് അച്ഛൻ പിടഞ്ഞുവീണത്. നികത്താനാകാത്ത ആ നഷ്‌ടത്തിന് പകരമല്ല ഒന്നും. എന്നാൽ, അതേ മണ്ണ് എനിക്ക് രണ്ട് കൂടപ്പിറപ്പുകളെ തന്നു, മുസാഫിറും സമീറും. കൂട്ടക്കൊലയിൽ പ്രദേശമാകെ ഭീതിയിലായപ്പോൾ സഹായവുമായി ഞങ്ങൾക്കരികിലേക്ക്‌ ഓടിയെത്തിയത്‌ കശ്‌മീരിലെ ഡ്രൈവർമാരായ ആ രണ്ടു മുസ്ലിം യുവാക്കളാണ്‌. ഇടവും വലവുംനിന്ന്‌ അവർ ഞങ്ങളെ കാത്തു. അച്ഛനെ മോർച്ചറിയിൽ തിരിച്ചറിയുന്നതിനും മറ്റു കാര്യങ്ങൾക്കുമെല്ലാം പുലർച്ചെ മൂന്നുവരെ അവരുണ്ടായി. ഇടവും വലവുംനിന്ന് കുഞ്ഞനുജത്തിയെപ്പോലെ അവർ എന്നെ കാത്തു’- ആരതി പറഞ്ഞു. എന്നാൽ ആരതിയുടെ സത്യസന്ധമായ വാക്കുകൾക്കെതിരെ കേരളത്തിൽ ഉൾപ്പെടെ വ്യാപക സൈബർ ആക്രമണവും ഉണ്ടായി.


ജമ്മു കശ്‌മീരിൽ പുൽവാമയ്‌ക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലുണ്ടായത്. പ്രകൃതി മനോഹരമായ താഴ്‌വരയിലെ കാഴ്ചകൾ ആസ്വദിക്കാനെത്തിയ മനുഷ്യരെ നിമിഷനേരംകൊണ്ട് ഭീകരർ കൊന്നൊടുക്കി. 26 പേർക്കാണ് ജീവൻ നഷ്ടമായത്.





deshabhimani section

Related News

View More
0 comments
Sort by

Home