വോട്ട് കവരാനുള്ള നീക്കം പ്രതിരോധിക്കും : സിപിഐ എം

ന്യൂഡൽഹി
പൗരരുടെ വോട്ടവകാശം കവരാനുള്ള കേന്ദ്രസർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും നീക്കങ്ങളെ പ്രതിരോധിക്കാൻ സജീവമായി ഇടപെടുമെന്ന് സിപിഐ എം. മറ്റ് പ്രതിപക്ഷ കക്ഷികളുമായി ഇതിനായി സഹകരിക്കും. ബിഹാറിൽ ക്രമക്കേടുകളുടെ കൂന്പാരമായി മാറിയ എസ്‌ഐആറിലൂടെ നിരവധി പൗരർക്ക് വോട്ടവകാശം നഷ്ടപ്പെട്ടു. എസ്‌ഐആർ രാജ്യവ്യാപകമായി നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സംഘപരിവാർ, ബിജെപി അജണ്ടയാണ് നടപ്പാക്കുന്നതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പുറത്തിറക്കിയ കമ്യൂണിക്കെയിൽ പറഞ്ഞു.
തൊഴിലാളി വിരുദ്ധ ലേബർകോഡുകൾ പിൻവാതിലിലൂടെ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾ ചെറുക്കും. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ വിവിധ സംസ്ഥാനങ്ങളിലെത്തി ലേബർ കോഡുകൾ നടപ്പാക്കാൻ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. ഇതിനുകീഴടങ്ങി നിരവധി സംസ്ഥാനങ്ങൾ ലേബർകോഡുകൾ നടപ്പാക്കാൻ തുടങ്ങി. കേരളത്തിൽ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന്റെ ആവശ്യം പൂർണമായും നിരാകരിച്ചു.
ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള നികുതിയിളവുകളുടെ ആനുകൂല്യം തട്ടാൻ കോർപറേറ്റുകളെ അനുവദിക്കരുതെന്നും സിപിഐ എം ആവശ്യപ്പെട്ടു. നികുതി ഇളവുകൾ സാധാരണക്കാർക്ക് ലഭ്യമാക്കണം. അതോടൊപ്പം, വരുമാന നഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് അർഹിച്ച നഷ്ടപരിഹാരം നൽകണം. പാർലമെന്റിൽ എസ്‌ഐആർ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ചർച്ചയ്‌ക്ക് തയ്യാറാകാത്ത കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെ പാർടി രൂക്ഷമായി വിമർശിച്ചു.
സർക്കാരിന്റെ ആധിപത്യ മനോഭാവം കാരണം ജനങ്ങളെ ബാധിക്കുന്ന നിർണായകവിഷയങ്ങൾ പാർലമെന്റിൽ ചർച്ചയാകുന്നില്ല. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കുന്ന പ്രവണത അംഗീകരിക്കാനാകില്ല. 30 ദിവസത്തിൽ കൂടുതൽ കസ്‌റ്റഡിയിൽ കഴിയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ തുടങ്ങിയവരെ അധികാരത്തിൽ നിന്ന് നീക്കാനുള്ള കേന്ദ്രസർക്കാരിന്റെ ബിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ്. മോദി സർക്കാരിന്റെ നവഫാസിസ്‌റ്റ് സ്വഭാവം കണക്കിലെടുത്താൽ ഇൗ ബിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എതിരായ ആയുധമാകാൻ എല്ലാ സാധ്യതയുമുണ്ടെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി. വർഗീയധ്രുവീകരണം ലക്ഷ്യമിട്ട് ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് സമീപകാലത്ത് നടത്തിയ പ്രതിലോമകരമായ പ്രസ്‌താവനകളെയും അപലപിച്ചു









0 comments