ഹൈദരാബാദിൽ സിപിഐ നേതാവിനെ വെടിവച്ചുകൊന്നു

ചന്തു നായക്
ഹൈദരാബാദ്: ഹൈദരാബാദിൽ സിപിഐ നേതാവിനെ വെടിവച്ചുകൊന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ചന്തു നായക് (43) ആണ് കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിനിടെയാണ് ചന്തുവിന് വെടിയേറ്റത്. കാറിലെത്തിയ അജ്ഞാത അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് ആക്രമണം നടന്നത്. മലക്പേട്ടിലെ ഷാലിവാഹന നഗർ പാർക്കിൽ പ്രഭാത നടത്തത്തിനിടെയാണ് വെടിയേറ്റതെന്ന് സൗത്ത് ഈസ്റ്റ് സോൺ ഡിസിപി എസ് ചൈതന്യ കുമാർ പറഞ്ഞു. വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാല് പേരാണ് ആക്രമണം നടത്തിയത്.
ആക്രമികൾ ചന്തുവിന്റെ മുഖത്തക്ക് മുളകുപൊടി എറിഞ്ഞതിന് ശേഷമാണ് വെടിയുതിർത്തത്. ചന്തു ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ആദ്ദേഹത്തിന് നേരെ തുടരെ വെടിവയ്ക്കുകയായിരുന്നു. പല തവണ വെടിയേറ്റ ചന്തു നായക് തൽക്ഷണം മരിച്ചു. പ്രതികൾ കാറിൽ രക്ഷപ്പെട്ടു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ചന്തു നായക് ഭീഷണി നേരിട്ടിരുന്നതായി സിപിഐ നേതാവ് കെ നാരായണ പറഞ്ഞു. ബിഎൻഎസ് സെക്ഷൻ 103(1), ആയുധ നിയമം എന്നിവ പ്രകാരം മലക്പേട്ട് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.









0 comments