സിപിഐ 25–ാം പാര്‍ടി കോണ്‍ഗ്രസ്
'ജനാധിപത്യം സംരക്ഷിക്കാന്‍ ബിജെപിയെ താഴെയിറക്കണം' , തെരഞ്ഞെടുപ്പ് ധാരണകൾക്ക് അപ്പുറത്ത് തത്വാധിഷ്‌ഠിത പ്രതിപക്ഷ ഐക്യംവേണം

ചണ്ഡിഗഡിൽ ആരംഭിച്ച സിപിഐ പാർടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്‌ഘാടനം ചെയ്യുന്നു. എം എ ബേബി, ദീപാങ്കർ ഭട്ടാചാര്യ, ജി ദേവരാജൻ, മനോജ് ഭട്ടാചാര്യ, ബിനോയ് വിശ്വം എന്നിവർ സമീപം
അതുൽകുമാർ അഞ്ജാൻ ഹാൾ (ചണ്ഡിഗഡ്)
ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തി അവരുടെ പ്രത്യയശാസ്‌ത്രത്തിന്റെ വിഷം സമൂഹത്തിൽനിന്ന് നീക്കം ചെയ്യാതെ ഇന്ത്യക്ക് ജനാധിപത്യ രാജ്യമായി നിലനിൽക്കാനാകില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇൗ കാരണം കൊണ്ടാണ് ‘ദേശ് ബച്ചാവോ, ബിജെപി ഹഠാവോ’ (രാജ്യത്തെ രക്ഷിക്കൂ, ബിജെപിയെ മാറ്റനിർത്തൂ) എന്ന മുദ്രാവാക്യം രാജ്യത്താകമാനം ഉയരുന്നത്. വിശാല ഇടതുപക്ഷ ഐക്യം സാധ്യമാക്കി രാജ്യത്തിനു മുൻപിൽ വ്യക്തമായ ആശയം അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ 25–ാം പാർടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാജ.
മതനിരപേക്ഷ രാജ്യത്തെ ഹിന്ദുത്വ രാഷ്‌ട്രമാക്കി മാറ്റുകയെന്നതാണ് ബിജെപി– ആർഎസ്‌എസ് പദ്ധതി. 2024ലെ തെരഞ്ഞെടുപ്പ് ബിജെപിക്കെതിരെയുള്ള പ്രതിരോധം സാധ്യമാണെന്ന് സാക്ഷ്യപ്പെടുത്തി. തെരഞ്ഞെടുപ്പ് ധാരണകൾക്കപ്പുറം തത്വാധിഷ്‌ഠിത പ്രതിപക്ഷ ഐക്യമാണ് ആവശ്യം. ഫാസിസ്റ്റ് പദ്ധതികൾക്കെതിരെ നിരന്തരം പോരാടുന്ന ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ മുഖ്യപങ്കുവഹിക്കാനുണ്ട്. ഇടതുപക്ഷ ഐക്യം ചരിത്രപരമായ ആവശ്യമാണ്– രാജ പറഞ്ഞു.
പശ്ചിമേഷ്യയിലും ആഫ്രിക്കയിലും യുദ്ധവും സംഘർഷങ്ങളും കാരണം സമൂഹങ്ങൾ ശിഥിലമാവുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഗാസയെ തുടച്ചുമാറ്റുകയാണ് ഇസ്രയേൽ. താരിഫുകളെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയുധമാക്കുകയാണ്. വിശപ്പ് ലോകത്തെ വേട്ടയാടുന്നു. അസമത്വം വർധിക്കുന്നു. ഇന്ത്യയും പ്രക്ഷോഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇടതുപക്ഷത്തിന് വലിയ സംഭാവന നൽകാനുണ്ടെന്നു ഡി രാജ പറഞ്ഞു.
ഐക്യ പോരാട്ടം അനിവാര്യം
നരേന്ദ്ര മോദി സർക്കാരിനെതിരെ യോജിച്ച പോരാട്ടവും ഐക്യവും ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് ഇടതുപക്ഷ പാർടി നേതാക്കൾ. സിപിഐ പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മോദി സർക്കാരിനെതിരെയുള്ള കർഷകസമരത്തിൽ ഇടതുപക്ഷ ഐക്യത്തിന് സുപ്രധാനമായ പങ്കാണുള്ളതെന്ന് സിപിഐ എംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ പറഞ്ഞു. തൊഴിലാളികൾ, സ്‌ത്രീകൾ, വിദ്യാർഥികൾ, ന്യൂനപക്ഷങ്ങൾ, യുവജനങ്ങൾ തുടങ്ങി മുഴുവൻ ആളുകളുടെയും അവകാശ പോരാട്ടങ്ങളിലും ഇൗ ഐക്യം പ്രാവർത്തികമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ ഐക്യം എന്നത് രാഷ്‌ട്രീയമായ ആവശ്യം മാത്രമല്ലെന്നും ധാർമികമായ അനിവാര്യതയാണെന്നും -ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ പറഞ്ഞു. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന മോദി സർക്കാരിനെതിരെയുള്ള ആശയപരമായ പോരാട്ടം ഇടതുപക്ഷ പാർടികൾ തുടരുമെന്ന് ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ പറഞ്ഞു.









0 comments