കഫ് സിറപ്പ് ദുരന്തം: മധ്യപ്രദേശിൽ ഒരു കുട്ടി കൂടി മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 4 വയസുകാരിയാണ് മരിച്ചത്. ഇതോടെ ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 25 ആയി. കുട്ടികളുടെ മരണത്തിനിടയാക്കി എന്ന് കരുതുന്ന കോൾഡ്രിഫ് മരുന്ന് വിവിധ സംസ്ഥാനങ്ങൾ നിരോധിച്ചിരുന്നു.
കോൾഡ്രിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീശൻ ഫാർമ കമ്പനി അടച്ചു പൂട്ടാൻ തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള മരുന്ന് നിർമാണം ചൂണ്ടിക്കാട്ടിയാണ് നടപടി. ശ്രീശൻ ഫാർമ ഉടമ രംഗനാഥനെ ചെന്നൈയിൽ നിന്ന് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളാണ് കോൾഡ്രിഫ് മരുന്ന് കുടിച്ചതിനെ തുടർന്ന് മരിച്ചത്. കോൾഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു. മായം ചേർക്കൽ, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.
കഫ് സിറപ്പ് നിർമിച്ച കാഞ്ചീപുരത്തെ ശ്രീശൻ ഫാർമ യൂണിറ്റുകളിൽ എസ്ഐടി സംഘം പരിശോധന നടത്തി. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളിൽ വൃക്കസംബന്ധമായ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. സിറപ്പിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരുന്നതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയിൽ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.
കോൾഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.









0 comments