മരണം 20 ആയി, 5 പേർ ഗുരുതരാവസ്ഥയിൽ

ചുമമരുന്ന് ദുരന്തം; ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് പ്രവർത്തിച്ചത് ഒരു മാനദണ്ഡവും പാലിക്കാതെ

coldrif cough syrup
വെബ് ഡെസ്ക്

Published on Oct 08, 2025, 12:21 PM | 2 min read


കാഞ്ചീപുരം: കോൾഡ്രിഫ് ചുമ മരുന്നിന്റെ നിർമാതാക്കളായ കാഞ്ചീപുരത്തെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് 350 മാനദണ്ഡങ്ങൾ ലംഘിച്ചതായി തമിഴ്‌നാട് ഡ്രഗ് കൺട്രോൾ വകുപ്പ്. മരുന്നു നിർമാണത്തിൽ പാലിക്കേണ്ട നിബന്ധനകൾ എല്ലാം കാറ്റിൽ പറത്തിയായിരുന്നു പ്രവർത്തനം എന്നാണ് കണ്ടെത്തൽ.


ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിൽ നിർമിച്ച ചുമമരുന്നാണ് ഉത്തരേന്ത്യയിൽ കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടുകളെത്തുടർന്നാണ് തമിഴ്‌നാട് ഡ്രഗ് കൺട്രോൾ വകുപ്പ് പരിശോധന നടത്തിയത്. മധ്യപ്രദേശിലാണ് ദുരന്തം ഉണ്ടായത്.


20 കുട്ടികൾ മരിച്ചു, അഞ്ചുപേർ ഗുരുതരാവസ്ഥയിൽ


ഇതുവരെ 20 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചു. അഞ്ച് പേർ വൃക്കയുടെ പ്രവർത്തനം തകരാറിലായി ചികിത്സയിലാണ്. മരണപ്പെട്ട 20 കുട്ടികളിൽ 17 പേർ ചിന്ദ്വാര ജില്ലയിൽ നിന്നുള്ളവരും, രണ്ട് പേർ ബേതുലിൽ നിന്നുള്ളവരും, ഒരാൾ പാണ്ഡുർണയിൽ നിന്നുള്ളവരുമാണ്. സെപ്റ്റംബർ 2 നാണ് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിലെയും മധ്യപ്രദേശിലെയും മരുന്ന് നിയന്ത്രണ അധികാരികൾ ശ്രീശൻ നിർമ്മിക്കുന്ന സിറപ്പിൽ 45% ത്തിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി.


രാസപരിശോധനകൾ ഒന്നുമില്ലാതെ നിർമ്മാണം


കാഞ്ചീപുരം സുങ്കുവർഛത്രത്തിലെ വ്യവസായ മേഖലയിലാണ് ശ്രീശൻ. ഔഷധ നിർമ്മാണത്തിൽ പാലിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് അധികൃതർ കണ്ടെത്തി.


ജീവനക്കാർ നിശ്ചിത യോഗ്യതയുള്ളവരല്ല. അടിസ്ഥാന സൌകര്യം ഇല്ല. ശുചിത്വമില്ല, അസംസ്കൃത വസ്തുക്കളുടെ ഗുണമേൻമ പരിശോധിക്കുന്ന പതിവില്ല. ഇവയുടെ കലർപ്പാണ് വിഷാംശം ഉണ്ടാവാൻ ഇടയാക്കിയത്. മാത്രമല്ല നിർമാണോപകരണങ്ങൾ കാലഹരണപ്പെട്ടവയാണ്. 350 ഓളം വീഴ്ചകൾ പരിശോധനാ റിപ്പോർട്ടിൽ അക്കമിട്ട് കാണിക്കുന്നു.


അസംസ്കൃത വസ്തുക്കൾക്ക് മരുന്നുണ്ടാക്കാൻ വേണ്ട ഗുണമേന്മ ഉറപ്പ് വരുത്തുന്നുണ്ടായിരുന്നില്ല. കമ്പനി നേരത്തേതന്നെ മുദ്രവെച്ചതുകൊണ്ട് ഡ്രഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നോട്ടീസ് ചുമരിൽ പതിക്കുകയാണ് ചെയ്തത്. തമിഴ്നാട് സർക്കാർ കമ്പനിയുടെ ലൈസൻസ് റദ്ദാക്കലിലേക്ക് കടക്കുകയാണ്.


ഇവിടെ നിർമിച്ച ഒരു ബാച്ച് മരുന്നിൽ ‘ഡൈഎത്തിലിൻ ഗ്ലൈക്കോൾ’ എന്ന പദാർഥം വൻതോതിൽ കണ്ടെത്തിയിരുന്നു. ഗുരുതരമായ വൃക്കരോഗത്തിന് കാരണമാക്കുന്നതാണ് ഈ ഘടകം എന്ന് പറയുന്നു. മരുന്നു സിറപ്പുകളിൽ ലായകമായുപയോഗിക്കുന്ന പ്രൊപ്പിലിൻ ഗ്ലൈക്കോൾ എന്ന രാസവസ്തുവിന്റെ ഗുണനിലവാരം ഉറപ്പാക്കാത്തതുകൊണ്ടാണ് ഉപോത്പന്നമായി ഡൈഎത്തിലിൻ ഗ്ലൈക്കോളുണ്ടാവുന്നു എന്നാണ് വിലയിരുത്തൽ. പെയിന്റ് പോലുള്ള വസ്തുക്കളിൽ ചേർക്കുന്ന രാസവസ്തുവാണ് ഇത്.  


ഔഷധ നിർമ്മാണം സംബന്ധിച്ച പരാതി ആദ്യമല്ല


2023-ൽ, ഡൈഎത്തിലീൻ ഗ്ലൈക്കോൾ കലർന്ന ഇന്ത്യൻ സിറപ്പുകൾ കഴിച്ച് ഗാംബിയയിൽ 70 കുട്ടികളുടെയും ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെയും ജീവൻ നഷ്ടമായ ദുരന്തം റിപ്പോർട് ചെയ്യപ്പെട്ടിരുന്നു.


2019 ഡിസംബറിനും 2020 ജനുവരിക്കും ഇടയിൽ കശ്മീരിലെ ജമ്മുവിൽ അഞ്ച് വയസ്സിന് താഴെയുള്ള 12 കുട്ടികളെങ്കിലും കഫ് സിറപ്പ് കഴിച്ച് മരിച്ചു, മരണസംഖ്യ കൂടുതലായിരിക്കാമെന്ന് ആക്ടിവിസ്റ്റുകൾ അഭിപ്രായപ്പെട്ടു. ഉയർന്ന അളവിൽ ഉല്ലാസം ഉളവാക്കുകയും ആസക്തിയിലേക്ക് നയിക്കുകയും ചെയ്യുന്ന നേരിയ ഒപിയോയിഡായ കൊഡീൻ അടങ്ങിയ കഫ് സിറപ്പുകളുടെ ദുരുപയോഗവും വിവാദമായിരുന്നു.


അസംസ്കൃത വസ്തുക്കളുടെ പരിശോധന, നിർമ്മാണ പ്രക്രിയയിലെ പരിശോധനകൾ, പൂർത്തിയായ ഉൽപ്പന്ന പരിശോധന എന്നീ ഘട്ടങ്ങളിൽ എല്ലാം ഇവ പിടിക്കപ്പെടേണ്ടതായിരുന്നു. ഇത് രോഗികളിൽ എത്തി എന്നത് നിർമ്മാണം, പരിശോധന, നടപ്പിലാക്കൽ എന്നിവയിലെ വീഴ്ചകളെ സൂചിപ്പിക്കുന്നതായി വിമർശനം ഉയർന്നു. പല സംസ്ഥാനങ്ങളിലും ചെറിയ പട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും മരുന്നുകളുടെ വിതരണത്തിന്റെ ഗുണനിലവാരം വലിയ നഗരങ്ങളെ അപേക്ഷിച്ച് വളരെ മോശമാണ് എന്നതും ചൂണ്ടികാണിക്കപ്പെടുന്നു.


Related News



deshabhimani section

Related News

View More
0 comments
Sort by

Home