മധ്യപ്രദേശിലെ ചിന്ത്‌വാഡയിൽ ഡയാലിസിസ് സൗകര്യമുള്ള ആശുപത്രി ഇല്ലാത്തതിനാല്‍ കുട്ടികളുമായി നെട്ടോട്ടം
കഫ് സിറപ്പ് കഴിച്ച് കുട്ടികളുടെ മരണം ; ചികിത്സയ്‌ക്കായി സഞ്ചരിച്ചത് 150 കിലോമീറ്റർ

ന്യൂഡൽഹി
മധ്യപ്രദേശിലെ ചിന്ത്‌വാഡ ജില്ലയിൽ കഫ്‌സിറപ്പ് കഴിച്ച് മരിച്ച കുട്ടികൾക്ക് കൃത്യമായ സമയത്ത് മതിയായ ചികിത്സ കിട്ടിയില്ലെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി വഷളായ കുട്ടികളെ 150 കിലോമീറ്റർ അകലെ മഹാരാഷ്‌ട്ര നാഗ്‌പുരിലെ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. ചിന്ത്‌വാഡയിൽ പുതുതായി ഉദ്‌ഘാടനം ചെയ്ത മെഡിക്കൽ കോളേജ് ആശുപത്രിയിലോ പ്രദേശത്തെ സ്വകാര്യആശുപത്രികളിലോ അടക്കം ജില്ലയിലെവിടെയും ഡയാലിസിസ് സൗകര്യം ഉണ്ടായിരുന്നില്ല. സർക്കാർ ആശുപത്രികളിലെ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും കുറവും പ്രതിസന്ധിയായി.
ഏഴ് കുടുംബങ്ങളാണ് കഫ്‌സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടികളുമായി നാഗ്‌പുരിലെ വിവിധ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവർക്ക് നാല് മുതൽ 15 ലക്ഷം രൂപ വരെയാണ് ചികിത്സയ്‌ക്കായി ചെലവായത്. ഒരു ഡയാലിസിസിന് മാത്രം 60,000 രൂപ നൽകേണ്ടി വന്നു. പണമില്ലാത്തതിനാൽ ആശുപത്രിവിടേണ്ടി വന്ന ചില കുട്ടികൾ നിമിഷങ്ങൾക്കകം മരിച്ചു. അതേസമയം, അപകടത്തിനിടയാക്കിയ കോൾഡ്‌റിഫ് കുറിച്ചുകൊടുത്തതിനെ തുടർന്ന് അറസ്റ്റിലായ ഡോ. പ്രവീൺ സോണി താൻ 15 വർഷമായി ഇൗ മരുന്ന് നൽകാറുണ്ടെന്ന് പറഞ്ഞു.









0 comments