print edition മതപരിവർത്തന ആരോപണം ; മധ്യപ്രദേശിൽ ജയിലിലടച്ച മലയാളി വൈദികന് ജാമ്യം

ജാമ്യത്തിലിറങ്ങിയ ഫാ. ഗോഡ്‌വിൻ (നടുവിൽ)
ന്യൂഡൽഹി
നിർബന്ധിത മതപരിവർത്തനക്കുറ്റമാരോപിച്ച് മധ്യപ്രദേശിലെ ബിജെപി സർക്കാർ ജയിലിലടച്ച മലയാളി വൈദികന് ജാമ്യം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാ. ഗോഡ്‌വിനാ(53)ണ് രത്‌ലാം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനുപം തിവാരി ജാമ്യം നൽകിയത്. സിഎസ്‌ഐ സഭാംഗമായ ഫാ. ഗോഡ്‌വിൻ പണംനൽകി മതപരിവർത്തനം നടത്തിയെന്നായിരുന്നു പൊലീസ് വാദം. എന്നാൽ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലന്നും കേവലം ആരോപണങ്ങൾ മാത്രമാണിതെന്നും കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ജാമ്യം ലഭിച്ചത്.
കഴിഞ്ഞ ദിവസവും ജാമ്യഹർജി പരിഗണിച്ചുവെങ്കിലും കേസ് ഡയറി പൊലീസ് ഹാജരാക്കിയിരുന്നില്ല. 25 വർഷമായി ഉത്തരേന്ത്യയിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന ഫാ.ഗോഡ്‌വിൻ 12 വർഷമായി മധ്യപ്രദേശിലെ ജാബുവയിലാണ്. അജ്ഞാതൻ നൽകിയ പരാതിയിൽ ഫാ. ഗോഡ്‌വിന്റെ പേര് പൊലീസ് എഴുതിച്ചേർത്തശേഷം ജയിലിലടയ്‌ക്കുകയായിരുന്നുവെന്ന് സഹപ്രവർത്തകർ ആരോപിച്ചു. 12 ദിവസമാണ് അദ്ദേഹം ജയിലിൽക്കിടന്നത്. ബിജെപി സർക്കാർ ക്രൈസ്‌തവർക്കെതിരെ മതപരിവർത്തന വിരുദ്ധ നിയമം ദുരുപയോഗിക്കുന്നുവെന്ന വിമർശനത്തിനിടെയാണ് ഫാ. ഗോഡ്‌വിന്റെ അറസ്റ്റ്.









0 comments