ബോംബെ ഹൈക്കോടതി നിരീക്ഷണങ്ങൾ ഭരണഘടനാവിരുദ്ധം: സിപിഐ എം

ന്യൂഡൽഹി : ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരായ പ്രതിഷേധപരിപാടിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം നൽകിയ ഹർജി തള്ളി ബോംബൈ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് പാർടി പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ഇങ്ങനെ ചെയ്‌ത കോടതി സിപിഐ എമ്മിന്റെ രാജ്യസ്‌നേഹത്തെ ചോദ്യംചെയ്യാനും മുതിർന്നു. രാഷ്‌ട്രീയ പാർടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഭരണഘടനാവ്യവസ്ഥകളോ രാജ്യത്തിന്റെ ചരിത്രമോ സ്വന്തം രാജ്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ അവകാശത്തിന് ഇന്ത്യൻ ജനത നൽകുന്ന ഐക്യദാർഢ്യമോ കോടതിയുടെ ശ്രദ്ധയിൽവന്നിട്ടില്ലെന്ന് കരുതണം. കേന്ദ്രസർക്കാർ നിലപാടിനോട് രാഷ്‌ട്രീയപക്ഷപാതം പുലർത്തുന്ന വിധത്തിലാണ് കോടതി നിരീക്ഷണം.
കോടതി ഇങ്ങനെയാണ് നിരീക്ഷിച്ചത്: ‘‘ ഇത് ഉയർത്താൻ പോകുന്ന പൊടിപടലങ്ങൾ നിങ്ങൾക്കറിയില്ല. പലസ്‌തീൻ പക്ഷത്തോ ഇസ്രയേൽ പക്ഷത്തോ ചേരുക; നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ്? രാജ്യത്തിന്റെ വിദേശകാര്യമാണ് ഇതെന്ന് നിങ്ങളുടെ പാർടിക്ക് അറിയില്ലെന്ന് തോന്നുന്നു’’. ഇങ്ങനെ കൂടി കോടതി പറഞ്ഞു:‘‘ ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്‌ത സംഘടനയാണ് നിങ്ങളുടേത്. ചപ്പുചവർ പ്രശ്‌നം, മലിനീകരണം, വെള്ളക്കെട്ട്, മലിനജല പ്രശ്‌നം എന്നിവ നിങ്ങൾക്ക് ഏറ്റെടുക്കാം. ഇതൊന്നും ചെയ്യാതെ ആയിരക്കണക്കിന് മൈൽ അകലെയുള്ള വിഷയത്തിൽ പ്രതിഷേധിക്കുകയാണ് നിങ്ങൾ’’.
1940കളിൽ തന്നെ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും തുടർന്ന് സ്വതന്ത്ര ഇന്ത്യയുടെ വിദേശനയവും പലസ്‌തീൻ ജനതയുടെ സ്വതന്ത്ര മാതൃരാജ്യമെന്ന അവകാശത്തിന് പിന്തുണ നൽകിയെന്ന വസ്‌തുത കോടതി മറികടന്നു. ഇസ്രയേൽ കടന്നാക്രമണത്തിന് എതിരെ അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധവും യുഎൻ സമിതികളുടെയും അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെയും നിലപാടുകളും ഹൈക്കോടതി തിരിച്ചറിയുന്നില്ല. കോടതി നിലപാടിനെ സിപിഐ എം അപലപിച്ചു. കോടതിയുടെ നിലപാടിൽ പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും പിബി ആഹ്വാനം ചെയ്‌തു.









0 comments