അംബാലയിൽ സമ്പൂർണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: ഹരിയാനയിലെ പ്രധാന വ്യോമസേനാ താവളമായ അംബാലയിൽ ഇന്ന് മുതൽ സമ്പൂർണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. ഇന്ത്യാ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രദേശത്ത് രാത്രി സമയങ്ങളിൽ വൈദ്യുതി മുടക്കം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. "നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പൊതു സുരക്ഷയും തന്ത്രപരമായ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി രാത്രി സമയങ്ങളിൽ പൂർണ്ണമായ വൈദ്യുതി മുടക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്"- ഡെപ്യൂട്ടി കമ്മീഷണർ അജയ് സിംഗ് ടോമർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
അംബാല ജില്ലയിൽ രാത്രി 8 മുതൽ രാവിലെ 6 വരെ ഔട്ട്ഡോർ ലൈറ്റുകൾ, ബിൽബോർഡുകൾ, തെരുവ് വിളക്കുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഇൻവെർട്ടർ, ജനറേറ്റർ, മറ്റ് ഏതെങ്കിലും പവർ ബാക്കപ്പുകളുടെ ഉപയോഗം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. വെളിച്ചം പുറത്തുവരാത്ത രീതിയിൽ ജനലുകളും വാതിലുകളും കട്ടിയുള്ള തുണികൊണ് മൂടുകയാണെങ്കിൽ ചെറിയ വെളിച്ചങ്ങൾ വീടുകൾക്കുള്ളിൽ മാത്രം ഉപയോഗിക്കാം. അടിയന്തര സാഹചര്യവും സമയക്കുറവും കണക്കിലെടുത്ത് ഈ ഉത്തരവ് ഏകപക്ഷീയമായി പാസാക്കുകയായിരുന്നു.

ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാൽ ബിഎൻഎസ്എസിന്റെ സെക്ഷൻ 223 പ്രകാരം ശിക്ഷ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവയുൾപ്പെടെയുള്ള സൈനിക കേന്ദ്രങ്ങൾ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ വ്യാഴാഴ്ച രാത്രി ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. തുടർന്നാണ് അംബാലയിൽ ബ്ലാക്ക്ഔട്ട് നടത്താനുള്ള ഇന്ത്യയുടെ നടപടി.
രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾ പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ഇന്ത്യ പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്‌സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ബതിന്ദാ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തര്‌ലായ്, ഭുജ് എന്നിവിടങ്ങൾ ലക്ഷ്യമാക്കി വ്യാഴാഴ്ച രാത്രി പാക് സൈന്യം ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.









0 comments