വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു, വീട്ടാവശ്യത്തിനുള്ള വില ഉയർന്നു തന്നെ

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില കുത്തനെ വെട്ടിക്കുറച്ചു. 57.5 രൂപയാണ് ഇതുപ്രകാരം കേരളത്തിൽ കുറവ് വരുന്നത്. ഡൽഹിയിൽ ഇത് 58.5 ആണ്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിൽ വില വ്യത്യാസം ഇത്തവണയും ഇല്ല. ഏപ്രിലിൽ ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 50 രൂപ വർധിപ്പിച്ചിരുന്നു.
വാണിജ്യ സിലിണ്ടറുകൾക്ക് കഴിഞ്ഞ ഏപ്രിലിൽ 43 രൂപയും മേയിൽ 15 രൂപയും ജൂണിൽ 25 രൂപയും കുറവ് വരുത്തിയിരുന്നതാണ്. ഇതിന് തുടർച്ചയായാണ് ഇപ്പോൾ 58.5 രൂപ കൂടി കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ഗ്യാസ് ഉപയോഗത്തിന്റെ 90 ശതമാനവും വീട്ടാവശ്യത്തിനായാണ് ചിലവഴിക്കപ്പെടുന്നത്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ എൽപിജി വില പ്രതിദിനം പുതുക്കുന്നത്. രാവിലെ ആറു മണിക്കാണ് പുതുക്കിയ എൽപിജി വില രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. ഇതിൽ വീട്ടാവശ്യത്തിനുള്ള ഗ്യാസ് വില ഉയർത്തി നിർത്തുന്ന തന്ത്രമാണ് പ്രയോഗിച്ച് വരുന്നത്.
സബ്സിഡിയും ഇല്ല വിലക്കുറവും ഇല്ല
കഴിഞ്ഞ വർഷം മാർച്ചിൽ ആസന്നമായ തെരഞ്ഞെടുപ്പുകൾ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഗാർഹിക സിലിണ്ടറുകൾക്ക് 100 രൂപയുടെ കുറവ് പ്രഖ്യാപിച്ചിരുന്നു. വനിതാ ദിന സമ്മാനം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത് തിരിച്ച് പിടിക്കാൻ ഈ വർഷം ഏപ്രിൽ 7ന് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിനു 50 രൂപ ഒറ്റയടിക്ക് കൂട്ടി.
രാജ്യത്ത് ഗ്യാസ് സിലിണ്ടറുകളിൽ 20% മാത്രമാണ് ഹോട്ടലുകൾ മറ്റ് വ്യവസായിക ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച എണ്ണവില മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കയാണ്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് മുമ്പുള്ള നിലവാരത്തിലാണ് ഇപ്പോൾ വില.
0 comments