ഡേറ്റിങ് ആപ്പ് വഴി തട്ടിപ്പ്; യുവതിയെ കബളിപ്പിച്ച് 3 പവനും പണവും കവർന്ന യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന യുവാവ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ തരുൺ (28) ആണ് കോയമ്പത്തൂർ പൊലീസിന്റെ പിടിയിലായത്. മൂന്ന് പവൻ സ്വർണവും 90,000 രൂപയുമാണ് ഇയാൾ കവർന്നത്. പാപനായ്ക്കൻ പാളയത്തിലെ വനിതാ ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ധനുഷ് എന്ന യുവാവും തരുണിനൊപ്പം ഉണ്ടായിരുന്നു. ഇയാള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ നേരിൽ കാണണമെന്ന് തരുൺ ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ നിന്ന് യുവതിയെയും കൂട്ടി വാളയാറിനടുത്തുള്ള കെ ജി ചാവടിയിലെ ഒരു സ്വകാര്യ കോളേജിന് സമീപം എത്തി കാർ പാർക്ക് ചെയ്തു. ഇതിനിടെയാണ് ധനുഷ് കാറിൽ കയറിയത്.
തുടർന്ന് സംസാരിച്ചുകൊണ്ടിരിക്കെ, യുവതിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും ഇവർ കവരുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തി യുപിഐ പേയ്‌മെന്റ് ആപ്പ് വഴി 90,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിർബന്ധിച്ച് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു എന്ന് പരാതിയിൽ പറയുന്നു. കൂടാതെ, ഓരോ പവൻ വീതമുള്ള ഒരു മാല, ഒരു മോതിരം, ഒരു ബ്രേസ്‌ലെറ്റ് എന്നിവയും (മൊത്തം മൂന്ന് പവൻ സ്വർണം) ഇവർ കവർന്നു.
രാത്രി 11 മണിയോടെ സിങ്കാനല്ലൂർ ടാങ്കിന് സമീപം ട്രിച്ചി റോഡിൽ പ്രതികൾ യുവതിയെ ഇറക്കിവിട്ടു. സമയം ഏറെ വൈകിയതിനാൽ ഹോസ്റ്റലിലേക്ക് പോകാൻ കഴിയില്ലെന്ന് യുവതി തരുണിനെ അറിയിച്ചു. തുടർന്ന്, യുവതിയുടെ ഫോൺ ഉപയോഗിച്ച് തരുൺ അവിനാശി റോഡിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം ബുക്ക് ചെയ്തു. യുവതി ഒരു ടാക്സിയിൽ ഹോട്ടലിലേക്ക് പോയി.
ഹോട്ടലിലെത്തിയ ശേഷം യുവതി സഹോദരിയെ വിളിച്ച് കാര്യങ്ങൾ വിവരിച്ചു. അടുത്ത ദിവസം രാവിലെ സഹോദരിയും സുഹൃത്തുക്കളും ഹോട്ടലിലെത്തി യുവതിയെ റേസ് കോഴ്സ് പൊലീസ് സ്റ്റേഷനിലെത്തിക്കുകയും പരാതി നൽകുകയുമായിരുന്നു.








0 comments