എസ്എഫ്ഐഒ നടപടികൾക്കെതിരെ സിഎംആർഎൽ; ഡൽഹി ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡൽഹി: കമ്പനി ഉൾപ്പെട്ട കേസിൽ കോടതി നിർദേശം ലംഘിച്ച് കുറ്റപത്രം സമർപ്പിച്ച എസ്‌എഫ്‌ഐഒ നടപടിക്കെതിരെ സിഎംആർഎൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തിങ്കളാഴ്‌ച അടിയന്തരമായി പരിഗണിക്കും. കമ്പനി നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് എവിടെയും സമർപ്പിക്കരുതെന്ന കോടതി നിർദേശം നിലനിൽക്കെ കുറ്റപത്രം സമർപ്പിച്ച് പ്രോസിക്യൂഷൻ നടപടിയിലേക്ക് കടന്നത് കോടതിയെ പരിഹസിക്കുന്ന നടപടിയാണെന്ന് സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള ഹർജി തീർപ്പാകുന്നതുവരെ എസ്‌എഫ്‌ഐഒയുടെ എല്ലാ തുടർനടപടികളും സ്‌റ്റേ ചെയ്യണമെന്നും നിർദേശം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.
മുൻപ് ഹർജി പരിഗണിച്ച ജസ്‌റ്റിസ് ചന്ദ്രധാരി സിങും, റോസ്‌റ്റർ ബെഞ്ചിലെത്തിയപ്പോൾ ചീഫ് ജസ്‌റ്റിസും റിപ്പോർട്ട് എവിടെയും സമർപ്പിക്കരുതെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മേയ് 26ന് റിട്ട് ഹർജിയിൽ അന്തിമവാദം കേൾക്കുമെന്ന് പുതിയ ജഡ്‌ജി ഗിരീഷ് കത്‌പാലിയും പറഞ്ഞു. കോടതി നിർദേശം ലംഘിച്ച് എസ്‌എഫ്‌ഐഒ മാർച്ച് 29ന് കുറ്റപത്രം നൽകി. കോടതിയെ പരിഹസിക്കുംവിധം കുറ്റപത്രത്തിന്റെ പകർപ്പ് ദുരുദ്ദേശ്യത്തോടെ ചില മാധ്യമങ്ങൾക്ക് ചോർത്തി നൽകി.
നിലവിലുള്ള റിട്ട് ഹർജി തീർപ്പാകുംവരെ പ്രോസിക്യൂഷൻ അടക്കം തുടർ നടപടികൾ എല്ലാം തടയണമെന്നും പ്രോസിക്യൂഷനുവേണ്ടി അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ടോയെന്ന് ഏജൻസി വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്‌തിയാർജിച്ച കമ്പനിക്കെതിരെ എസ്‌എഫ്‌ഐഒ നടത്തുന്ന ദുരുദ്ദേശ്യപരമായ നീക്കങ്ങളെ തടയണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് കത്‌പാലിയയുടെ ബെഞ്ചാണ് അപേക്ഷ അടിയന്തരമായി കേൾക്കുക. എക്‌സാലോജിക് സൊല്യൂഷൻസിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.









0 comments