ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ; അഞ്ച് മരണം: നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

uttarakhand cloudburst
വെബ് ഡെസ്ക്

Published on Aug 29, 2025, 03:58 PM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും അഞ്ച് മരണം. വെള്ളിയാഴ്ച പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. മൂന്ന് പേരെ കാണാതായെന്ന് റിപ്പോർട്ട്. മണ്ണിടിച്ചിലിൽ 30-40 കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി അധികൃതർ അറിയിച്ചു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചമോലി, രുദ്രപ്രയാഗ്, തെഹ്‍രി, ബാഗേശ്വർ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്.


ബാഗേശ്വർ ജില്ലയിൽ കപ്കോട്ടിലെ പൗസാരിയിൽ രാത്രിയുണ്ടായ കനത്ത മഴയിൽ ആറ് വീടുകൾ തകർന്നു. രണ്ട് പേർ മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേരെ കാണാതായതായി ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (യുഎസ്ഡിഎംഎ) അറിയിച്ചു. ചമോലി ജില്ലയിലെ മോപാറ്റയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു വീടും പശുത്തൊഴുത്തും മണ്ണിനടിയിൽപ്പെട്ടു. അപകടത്തിൽ ദമ്പതികൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.


തുടർച്ചയായ മഴയെത്തുടർന്ന് ബാലഗംഗ, ധർമ്മഗംഗ, ഭിലംഗണ നദികൾ കരകവിഞ്ഞൊഴുകി. അളകനന്ദയിലെയും അതിന്റെ പോഷകനദികളിലെയും മന്ദാകിനി നദിയിലെയും ജലനിരപ്പ് ക്രമാധീതമായി ഉയരുന്നു. നദിയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശം നൽകി. ചമോലി-നന്ദപ്രയാഗ്, കാമേദ, ഭനേർപാനി, പഗൽനാല, ജിലാസൂ, ഗുലാബ്‌കോട്ടി, ചത്വപിപാൽ എന്നിവിടങ്ങളിൽ പലയിടത്തും പാതയിലേക്ക് മണ്ണും പാറക്കഷ്ണങ്ങളും വീണത്തിനാൽ ബദരിനാഥ് ദേശീയ പാതയിലൂടെ ​ഗതാ​ഗതം തടസ്സപ്പെട്ടു. രുദ്രപ്രയാ​ഗിൽ ബദരിനാഥ് ദേശീയ പാത അടച്ചു.


രുദ്രപ്രയാഗിലെ ബസുകേദാറിൽ തുടർച്ചയായ മഴയും മണ്ണിടിച്ചിലുകളിലും നിരവധി ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. തൽജമാനിൽ നാൽപതോളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ജഖോളിയിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. ചെനഗഡിൽ എട്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടെന്ന് രുദ്രപ്രയാഗ് പൊലീസ് സൂപ്രണ്ട് അക്ഷയ് പ്രഹ്ലാദ് പറഞ്ഞു. എന്നാൽ റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പ്രദേശത്ത് എത്താനായിട്ടില്ല. എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ്, ഡി‌ഡി‌ആർ‌എഫ്, റവന്യൂ പൊലീസ് ടീമുകളെ ദുരന്തബാധിത ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.


ബാഗേശ്വർ, ചമോലി, ഡെറാഡൂൺ, രുദ്രപ്രയാഗ് ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പുറപ്പെടുവിച്ചു. ചമ്പാവത്, ഹരിദ്വാർ, പിത്തോറഗഡ്, ഉധം സിംഗ് നഗർ, ഉത്തരകാശി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

Home