ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം: നാല് മരണം; പ്രളയ സാധ്യത

വെബ് ഡെസ്ക്

Published on Aug 26, 2025, 03:30 PM | 2 min read| Watch Time : 53s

ശ്രീന​ഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം. ദോഡ ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. കത്വ, കിഷ്ത്വാർ എന്നിവിടങ്ങളിലും സമാനമായ ദുരിതങ്ങളുണ്ടായതായാണ് റിപ്പോർട്ട്. പത്തിലധികം വീടുകൾക്ക് കേടുപാടുകളുണ്ടായി. കത്വ, സമ്പ, ദോഡ, ജമ്മു, റമ്പാൻ, കിഷ്ത്വാർ തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജമ്മു ഡിവിഷനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അടച്ചു.


മണ്ണിടിച്ചിലിനും പാറക്കെട്ടുകൾ ഇടിഞ്ഞു വീഴാനും സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയായി ജമ്മു-ശ്രീനഗർ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. ദോഡയിലെ നദി കരകവിഞ്ഞതോടെ പ്രധാന റോഡ് ഒലിച്ചുപോയി. താവി നദി കരകവിഞ്ഞൊഴുകി. പല നദികളിലും അരുവികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. രാത്രിയോടെ ജലനിരപ്പിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കശ്മീരിൽ സ്ഥിതി ​ഗതികൾ ​ഗുരുതരമാണെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇന്ന് അടിയന്തര യോഗം വിളിച്ചുചേർത്തു.


ജമ്മു മേഖലയിൽ പ്രളയ മുന്നറിയിപ്പ് നൽകി. ജലാശയങ്ങളിൽ നിന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറിതാമസിക്കണമെന്ന് അധികൃതർ അറിയിച്ചു. കത്വയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ബുധനാഴ്ച വരെ മേഘവിസ്ഫോടനത്തിനും പ്രളയത്തിനും ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും ജാ​ഗ്രതാ നിർദേശം നൽകി. ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 190.4 മില്ലിമീറ്റർ മഴ പെയ്തു. ഒരു നൂറ്റാണ്ടിലെ ആ​ഗസ്ത് മാസത്തിലെ രണ്ടാമത്തെ ഉയർന്ന മഴയാണിത്. 1926 ആ​ഗസ്ത് 5ന് പെയ്ത മഴയാണ് (228.6 മില്ലിമീറ്റർ) ഏറ്റവും ഉയർന്നത്.


കശ്മീരിലെ തെക്കൻ ജില്ലകളിലും കനത്ത മഴ പെയ്തു. ഝലം നദിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നില്ല. എങ്കിലും ജലനിരപ്പ് ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. മധ്യ കശ്മീരിൽ നേരിയ, മിതമായ മഴ റിപ്പോർട്ട് ചെയ്തപ്പോൾ വടക്കൻ കശ്മീരിൽ നേരിയ/ വരണ്ട കാലാവസ്ഥയാണ് ലഭിച്ചത്.


പ്രളയ മുന്നറിയിപ്പ്


ജമ്മു ഡിവിഷനിൽ അടുത്ത 40 മണിക്കൂറിനുള്ളിൽ ഇടത്തരം മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ, ബസന്തർ, താവി, ചെനാബ് നദികളിലെ ജലനിരപ്പ് നിലവിൽ അലർട്ട് ലെവലിൽ ആണ്. മുൻകരുതൽ നടപടിയായി, നദീതീരങ്ങളിൽ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും താമസക്കാരും സന്ദർശകരും വിട്ടുനിൽക്കണമെന്ന് കർശനമായി നിർദ്ദേശിക്കുന്നു.






deshabhimani section

Related News

View More
0 comments
Sort by

Home