ഇഡിയുടെ അമിതാധികാരം, പുനപരിശോധനാ ഹർജികളിൽ ഒരുമിച്ച് വാദം കേൾക്കണമെന്ന ആവശ്യം പരിഗണനയിൽ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേകാധികാരങ്ങൾ ശരിവെച്ച വിധി ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീം കോടതി അടുത്ത ദിവസങ്ങളിൽ വാദം കേൾക്കും. പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ ഒരുമിച്ച് പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ജസ്റ്റിസ് സൂര്യകാന്തുമായി ചർച്ച ചെയ്യും.
പിഎംഎൽഎയുടെ പ്രധാന വ്യവസ്ഥകൾ ശരിവയ്ക്കുന്ന 2022 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾക്കൊപ്പം പുതിയ ഹർജികളും ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ജസ്റ്റിസ് സൂര്യകാന്തുമായി സംസാരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് തിങ്കളാഴ്ച പറഞ്ഞു.
ഇഡിയുടെ അറസ്റ്റ്, പരിശോധന, സ്വത്തുക്കൾ കണ്ടുകെട്ടൽ തുടങ്ങിയ അധികാരങ്ങൾ എന്നിവ ചോദ്യം ചെയ്യുന്ന ഹർജികളും സുപ്രീം കോടതി മുൻപാകെയുണ്ട്. വിഷയം ഒരു വലിയ ബെഞ്ചിന് റഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ റിട്ട് ഹർജികളും ഇതിൽ ഉൾപ്പെടുന്നു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ജൂലൈ 31 ന് കേസ് പരിഗണിച്ചപ്പോൾ പുനഃപരിശോധനാ ഹർജികൾക്കൊപ്പം മറ്റ് ഹർജികളും കേൾക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ നിർദ്ദേശങ്ങൾക്കായി ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് നിർദ്ദേശിച്ചു.
മുൻ ജഡ്ജിമാരായ എസ് കെ കൗൾ, സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പലതവണ ഈ വിഷയം കേട്ടിരുന്നു.എന്നാൽ 2023 നവംബറിൽ ജസ്റ്റിസ് കൗളിന്റെ വിരമിക്കൽ കണക്കിലെടുത്ത് ബെഞ്ച് പിരിച്ചുവിട്ടതായും അതിനുശേഷം വിഷയം ലിസ്റ്റ് ചെയ്തിട്ടില്ലെന്നും സിബൽ ചൂണ്ടികാട്ടി. ഇപ്പോൾ പുനഃപരിശോധനാ ഹർജികൾ ഓഗസ്റ്റ് 6, 7 തീയതികളിൽ വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം പുതിയ ഹർജികൾ കൂടി കേൾക്കണം എന്നാണാവശ്യം.
2022 ൽ, വിജയ് മദൻലാൽ ചൗധരി കേസിൽ സുപ്രീം കോടതി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) പ്രധാന വ്യവസ്ഥകൾ ശരിവച്ചിരുന്നു. എന്നാൽ ഇതിനെതിരെ റിവ്യൂ ഹർജികളും പുതിയ റിട്ട് ഹർജികളും ഉൾപ്പെടെ നിരവധി നിയമ വെല്ലുവിളികൾ ഉണ്ടായി. വിധിയെ ചോദ്യം ചെയ്യുകയും വിഷയം ഒരു വലിയ ബെഞ്ചിന് റഫർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇഡിയുടെ അമിതാധികാര ആരോപണത്തിനെതിരെ വിശാല ബെഞ്ച് രൂപീകരിക്കപ്പെടുമോ എന്നതും പ്രധാന ചർച്ചയാണ്.
അമിതാധികാരത്തിനും രാഷ്ട്രീയമായ പകപോക്കൽ സമീപനങ്ങൾക്കും എതിരെ സുപ്രീം കോടതി തന്നെ പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹർജികൾ കോടതി മുൻപാകെ എത്തുന്നത്. 2022 ഓഗസ്റ്റിൽ പരിഗണിച്ച ഹർജികളിൽ കോടതി നോട്ടീസ് അയച്ച രണ്ട് നിർദ്ദിഷ്ട വിഷയങ്ങൾക്കപ്പുറം പുനഃപരിശോധനാ ഹർജികളിലെ വാദം കേൾക്കരുതന്നാണ് കേന്ദ്ര സർക്കാർ കോടതി മുൻപാകെ ആവശ്യപ്പെട്ടത്.









0 comments