സിഐടിയു ജനറൽ കൗൺസിൽ യോഗം ഹരിയാനയിൽ തുടങ്ങി

അഖില ബാലകൃഷ്ണൻ
Published on May 25, 2025, 02:48 AM | 2 min read
ഫരീദാബാദ്: സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ യോഗം ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ശനിയാഴ്‌ച തുടങ്ങി. എം എം ലോറൻസ് നഗറിൽ അഖിലേന്ത്യ പ്രസിഡന്റ് കെ ഹേമലത പതാക ഉയർത്തി. ജനറൽ സെക്രട്ടറി തപൻ സെൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഹൽഗാം ഭീകരാക്രമണത്തിലും പാക് ഷെല്ലാക്രമണത്തിലും ഗാസയിൽ കൊല്ലപ്പെടുന്നവർക്കും യോഗം അനുശോചനം അറിയിച്ചു. ദേശീയ അന്തർദേശീയ തലത്തിൽ അനിശ്ചിതത്വം നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് പതിനെട്ടാം അഖിലേന്ത്യ സിഐടിയു സമ്മേളനത്തിന് മുമ്പുള്ള ജനറൽ കൗൺസിൽ യോഗമെന്ന് ഉദ്‌ഘാടന സമ്മേളനത്തിൽ അധ്യക്ഷയായ കെ ഹേമലത പറഞ്ഞു. ‘ഭീകരാക്രമണവും തുടർന്ന് വലതുപക്ഷം രാജ്യത്ത് നടത്തിയ വിദ്വേഷ പ്രചാരണവും കൊണ്ടാണ് 21ന് നടത്തേണ്ട അഖിലേന്ത്യാ പണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റിയത്. സുരക്ഷാവീഴ്‌ചയിൽ സർക്കാരിനെതിരെ ഉയരേണ്ട ജനരോഷം വിദ്വേഷ പ്രചാരണത്തിലൂടെ അവർ രാജ്യത്തെ മുസ്ലിങ്ങളിലേക്ക് തിരിച്ചുവിട്ടു.
രാജ്യം ഭീകരാക്രമണത്തിനെതിരെ പൊരുതുമ്പോഴും സർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ തുടർന്നു. മുതലാളിത്ത രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പിട്ട് രാജ്യത്തെ ഉൽപ്പാദനമേഖലയെ പ്രതിസന്ധിയിലാക്കി. താരിഫ് യുദ്ധം പ്രഖ്യാപിച്ച് ട്രംപുമായി സൗഹാർദം തുടരുകയാണ്’– അവർ പറഞ്ഞു. സ്റ്റാർബക്‌സ് പോലുള്ള അന്താരാഷ്ട്ര കമ്പനികളിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ തൊഴിൽ സമരങ്ങളും പ്രക്ഷോഭങ്ങളും ഉയർന്നുവരുന്നതായും അവർ പറഞ്ഞു. അമേരിക്കയുടെ ക്യൂബൻ ഉപരോധത്തെ സിഐടിയു ജനറൽ കൗൺസിൽ അപലപിച്ചു. അഞ്ചുലക്ഷം രൂപയുടെ ക്യൂബൻ സഹായധനം ആന്ധ്രാപ്രദേശ് സിഐടിയു കമ്മിറ്റി, ജനറൽ സെക്രട്ടറി തപൻ സെന്നിന് കൈമാറി.
അന്തരിച്ച മുതിർന്ന നേതാക്കൾ സീതാറാം യെച്ചൂരി, എം എം ലോറൻസ്, കെ എം തിവാരി, നേപ്പാൾ ദേബ് ഭട്ടാചാര്യ, എ വി റസ്സൽ തുടങ്ങിയവർക്കും പ്രധാനവ്യക്തികൾക്കും ട്രഷറർ എം സായ്‌ബാബു അനുശോചനം അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ ജെ മേഴ്സിക്കുട്ടിഅമ്മ, എ കെ പദ്‌മനാഭൻ, സെക്രട്ടറിമാരായ എളമരം കരീം, എ ആർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു. കേരളത്തില്‍നിന്നുള്ള 130ഓളം ജനറൽ കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു. തിങ്കളാഴ്‌ച സമാപിക്കും. ‘രഞ്ജന നിരുല: പോരാട്ടത്തിന്റെ ജീവിതം’ പ്രകാശനം ചെയ്തു അന്തരിച്ച സിഐടിയു മുൻ ട്രഷററും വർക്കിങ് കമ്മിറ്റി അംഗവുമായിരുന്ന രഞ്ജന നിരുലയെക്കുറിച്ചുള്ള ‘രഞ്ജന നിരുല: പോരാട്ടത്തിന്റെ ജീവിതം’ പുസ്തകം സിഐടിയു ജനറൽ കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി തപൻ സെൻ പ്രകാശനം ചെയ്തു. കോവിഡ് ബാധിച്ച് നാലുവർഷം മുമ്പ് മരിച്ച രഞ്ജന നിരുലയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ സമാഹരിച്ച് ആശാ വർക്കേഴ്‌സ് ഫെസിലിറ്റേഷൻ ഫെഡറേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.









0 comments