‘വിദേശി’കൾക്കായി 
തടങ്കൽപ്പാളയം വേണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

പ‍ൗരത്വ നിയമ ഭേദഗതി ; 2024വരെ രാജ്യത്ത് എത്തിയ 
മുസ്ലിം ഇതരർക്ക്‌ തുടരാം

Citizenship Amendment Act
വെബ് ഡെസ്ക്

Published on Sep 04, 2025, 03:43 AM | 2 min read


ന്യൂഡൽഹി

ഇന്ത്യയിലേക്ക്‌ 2024 ഡിസംബർ 31 വരെ എത്തിയ മുസ്ലിങ്ങള്‍ ഒഴികെയുള്ളവർക്ക്‌ പാസ്‌പോർട്ടോ മറ്റ്‌ രേഖകളോ ഇല്ലെങ്കിലും രാജ്യത്ത്‌ തുടരാമെന്ന്‌ കേന്ദ്രസർക്കാർ. അഫ്‌ഗാനിസ്ഥാൻ,പാകിസ്ഥാൻ, ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ മതപരമായ വേട്ട ഭയന്നെത്തിയ ഹിന്ദു, സിഖ്‌, ബുദ്ധ, ജൈന, ക്രിസ്‌തു, പാഴ്‌സി മതവിശ്വാസികൾക്ക്‌ ഇവിടെ തുടരാമെന്നാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം.


കഴിഞ്ഞവർഷം പ്രാബല്യത്തിൽവന്ന വിവാദ പ‍ൗരത്വ ഭേദഗതി നിയമത്തിൽ 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലിങ്ങൾ ഒഴികെയുള്ള ന്യൂനപക്ഷങ്ങളെ രാജ്യത്ത്‌ തങ്ങാൻ അനുവദിച്ചിരുന്നു. ഇ‍ൗ സമയപരിധിയാണ്‌ 2024 ഡിസംബർ 30 വരെ നീട്ടിയത്‌. 2014ന്‌ ശേഷം പാകിസ്ഥാനിൽനിന്ന്‌ ഇന്ത്യയിലെത്തിയ ഹിന്ദുകൾക്ക്‌ സഹായമാകുന്ന തീരുമാനമാണിത്‌.


മതിയായ രേഖകൾ ഇല്ലാത്തവർക്കും കൈവശമുള്ള രേഖകളുടെ കാലാവധി കഴിഞ്ഞവർക്കും രാജ്യത്ത്‌ തുടരാനാകും. മതം അടിസ്ഥാനമാക്കി പ‍ൗരത്വം നൽകാനുള്ള മോദി സർക്കാരിന്റെ തീരുമാനം വ്യാപകമായി വിമർശിക്കപ്പെടുകയും രാജ്യവ്യാപകമായി പ്രക്ഷോഭം വിളിച്ചുവരുത്തുകയും ചെയ്‌തിരുന്നു.


സിഎഎ നിയമപ്രകാരം ഇളവ്‌ അനുവദിക്കുന്ന വ്യവസ്ഥയിൽനിന്ന്‌ മുസ്ലിം വിഭാഗത്തെ ഒഴിവാക്കുന്നത്‌ വലിയ വിവേചനമാണെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. സിഎഎ നിയമം ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതിയിലുള്ള ഹർജികളിൽ ഹർജിക്കാർ ഉന്നയിച്ചിട്ടുള്ള പ്രധാനപ്പെട്ട നിയമപ്രശ്‌നവും ഇതുതന്നെയാണ്‌.


‘വിദേശി’കൾക്കായി 
തടങ്കൽപ്പാളയം വേണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

​​നിയമവിരുദ്ധമായി രാജ്യത്ത്‌ തങ്ങുന്ന വിദേശികളെ പാർപ്പിക്കാൻ തടങ്കൽപ്പാളയങ്ങൾ സജ്ജീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം. ദേശവിരുദ്ധ പ്രവർത്തനം, ഗുരുതരകുറ്റകൃത്യം, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങൾക്ക്‌ ശിക്ഷിക്കപ്പെട്ട വിദേശികൾക്ക്‌ ഇന്ത്യയിൽ തങ്ങാൻ കഴിയില്ലെന്ന്‌ അടുത്തിടെ പാർലമെന്റ്‌ പാസാക്കിയ ‘കുടിയേറ്റം, വിദേശികൾ നിയമം–2025’മായി ബന്ധപ്പെട്ട ചട്ടങ്ങളിൽ പറയുന്നു.


കൊലപാതകം, ബലാത്സംഗം, ഭീകരപ്രവർത്തനം, നിരോധിത സംഘടനകളിലെ അംഗത്വം, മനുഷ്യക്കടത്ത്‌, സൈബർ കേസുകൾ, മയക്കുമരുന്ന്‌ കടത്ത്‌ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക്‌ ശിക്ഷിക്കപ്പെട്ട വിദേശികളെ ഇന്ത്യയില്‍ പ്രവേശിക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവരെ കസ്റ്റഡിയിൽ എടുത്ത്‌ തടങ്കൽപ്പാളയങ്ങളിലാക്കണം. സാധുവായ വിസയുള്ള വിദേശിയാണെങ്കിലും ഉ‍ൗർജ, ജലവിതരണ‍, പെട്രോളിയം മേഖലകളിൽ അവരെ നിയമിക്കുന്നതിന്‌ അധികൃതരുടെ അനുമതി വാങ്ങണം. പ്രതിരോധ, ബഹിരാകാശ, ആണവോർജ, മനുഷ്യാവകാശ മേഖലകളിൽ വിദേശികളെ നിയമിക്കുംമുന്പ്‌ കേന്ദ്ര അനുമതി നേടണം. കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശികൾ രാജ്യത്തെ കൊടുമുടികൾ കയറാൻ പാടില്ല– തുടങ്ങിയ വ്യവസ്ഥകളും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങളിലുണ്ട്‌. നിയമവിരുദ്ധമായി രാജ്യത്ത്‌ തങ്ങിയ വിദേശികളെ കയറ്റിഅയക്കും മുന്പ്‌ ബയോമെട്രിക്ക്‌ വിശദാംശം ശേഖരിക്കും.


​അസമില്‍ പ്രത്യേക 
അധികാരം

അസമിലെ ഫോറിനേഴ്‌സ്‌ ട്രൈബ്യൂണലുകൾക്ക്‌ (എഫ്‌ടി) വിപുല അധികാരം നൽകുന്ന വിജ്ഞാപനവും കേന്ദ്രം പുറത്തിറക്കി. ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ അധികാരങ്ങൾ ട്രൈബ്യൂണലുകൾക്കും ഉണ്ടാകും. വിദേശിയാണെന്ന്‌ സംശയിക്കപ്പെടുന്നവരോട്‌ 10 ദിവസത്തിനുള്ളിൽ പ‍ൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ നിർദേശിക്കാം. വിദേശിയാണെന്ന്‌ സ്ഥിരീകരിച്ചവരെ ഉടൻ തടങ്കൽപ്പാളയത്തിലേക്ക്‌ മാറ്റാൻ ഉത്തരവിടാം– തുടങ്ങിയ അധികാരങ്ങളാണ്‌ നല്‍കിയത്.



deshabhimani section

Related News

View More
0 comments
Sort by

Home