മതസ്വാതന്ത്ര്യം തടവറയിൽ ; ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു

അഖില ബാലകൃഷ്ണൻ
Published on Aug 15, 2025, 01:25 AM | 1 min read
ന്യൂഡൽഹി
മോദി ഭരണത്തില്‍ സംഘപരിവാരങ്ങളുടെ അതിരൂക്ഷ ന്യൂനപക്ഷ വേട്ടയ്ക്കാണ് എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനാഘോഷ വേളയിലും രാജ്യം സാക്ഷ്യംവഹിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസറിന് കീഴിൽ ചതഞ്ഞരയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങളിലും പള്ളികളിലും അവകാശവാദം ഉന്നയിച്ച് മുസ്ലീംങ്ങളെ ആട്ടിപായിക്കുന്നു. കഴിഞ്ഞ ദിവസം യുപിയിലെ ഫത്തേപൂരിൽ നവാബ് അബ്‌ദുൾ സമദിന്റെ ശവകുടീരം പൊലീസ് നോക്കിനിൽക്കെയാണ് ഹിന്ദു തീവ്രവാദികൾ തകർത്തത്.
ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളെ തുറുങ്കിലാക്കിയത് മറ്റൊരു ഉദാഹരണം. ബിജെപി ഭരണ സംസ്ഥാനങ്ങളിൽ നിയമനിർമാണങ്ങളിലൂടെ സർക്കാർ നേരിട്ട് ന്യൂനപക്ഷ അതിക്രമങ്ങൾക്ക് വഴിതുറന്നിടുന്നു. ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ട് ‘മതംമാറ്റനിരോധന നിയമങ്ങൾ’ കൂടുതൽ ശക്തമാക്കി. മധ്യപ്രദേശിൽ മതപരിവർത്തന കുറ്റത്തിന് പിടിക്കപ്പെട്ടാൽ ‘വധശിക്ഷ’ വരെ ലഭിക്കുന്ന തരത്തിലാണ് ഭേദഗതി.
ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്ക് ശേഷവും ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമസംഭവങ്ങളുണ്ടായി.
പള്ളികൾ പൊളിക്കണമെന്നും വൈദികരെ വിലക്കണമെന്നും ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകൾ സർക്കാരിനെ സമീപിച്ചു. റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്തി.
7 മാസം, ക്രൈസ്തവർക്ക് എതിരെ 334 അക്രമസംഭവം
ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ മതസ്വാതന്ത്ര്യ കമീഷൻ റിപ്പോർട്ട് പ്രകാരം 2025 ജനുവരി മുതൽ ജൂലൈ വരെ മാത്രം ക്രൈസ്തവർക്കെതിരെ 334 അക്രമസംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ 95 എണ്ണം യുപിയിലും 86 എണ്ണം ഛത്തീസ്‌ഗഡിലുമാണ്.
2024ൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിന് നേരെയുള്ള വിദ്വേഷപരാമർശങ്ങളിൽ മുൻവർഷങ്ങളെക്കാൾ 74 ശതമാനം വർധനയാണ് ഉണ്ടായത്. റിപ്പോർട്ട് ചെയ്യപ്പെട്ട 1,165 സംഭവങ്ങളിൽ ഭൂരിഭാഗവും ബിജെപിയുടെ രാഷ്ട്രീയ റാലികളിലാണ്. ഇൗദും ഹോളിയും ഒരുമിച്ചെത്തിയതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മസ്‌ജിദുകൾ ടാർപോളീൻ കൊണ്ട് മറച്ചു. പല മസ്‌ജിദുകളിലും ഇൗദ് പ്രാർഥനയ്ക്ക് അനുമതി നൽകിയില്ല. ഹരിയാനയിൽ ഇൗദിന് പൊതു അവധി ഒഴിവാക്കി. ജമ്മു കശ്മീരിൽ ചരിത്രപ്രസിദ്ധമായ ജാമിയ മസ്ജിദ് ഇൗദ് ദിനത്തിൽ അടച്ചിട്ടു. ബംഗ്ലാദേശികളെന്ന് ആരോപിച്ച് ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ നാടുകടത്താനുള്ള നീക്കങ്ങളും വ്യാപകം.









0 comments