print edition മൃതദേഹം ജന്മനാട്ടില്‍ അടക്കം ചെയ്യാന്‍ വിലക്ക് ; ഛത്തീസ്ഗഡിൽ ക്രൈസ്തവവേട്ട തുടരുന്നു

റായ്‍പുര്‍
ക്രിസ്‌തുമതം സ്വീകരിച്ചവരുടെ മൃതദേഹം ജന്മഗ്രാമങ്ങളില്‍ സംസ്‌കരിക്കുന്നതിന് ഛത്തീസ്ഗഡിൽ വിലക്ക്. അന്തസ്സുള്ള മരണാനന്തര ചടങ്ങുപോലും നിഷേധിക്കുന്നതിനെതിരെ നടപടിയെടുക്കാതെ പ്രോത്സാഹിപ്പിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. ബലോഡ്, കാങ്കര്‍ ജില്ലകളിൽ ദിവസങ്ങള്‍ക്കിടെ രണ്ട് ക്രൈസ്‌തവരുടെ സംസ്‍കാരച്ചടങ്ങ് തടഞ്ഞു.
അസുഖബാധിതനായി റായ്‌പുരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രമൺ സാഹുവിന്റെ മൃതദേഹം കഴിഞ്ഞദിവസം ബലോദ് ജില്ലയിലെ ജന്മഗ്രാമമായ ജവർത്തലയിൽ എത്തിച്ചെങ്കിലും തടഞ്ഞു. ഗ്രാമത്തിലെ പരമ്പരാഗത ആചാരപ്രകാരം മരണാനന്തരചടങ്ങുകള്‍ നടത്തണമെന്നും അതിനായി ക്രിസ്‌തുമതം കുടുംബം ഉപേക്ഷിക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ല. ഒടുവിൽ മറ്റൊരു ഗ്രാമത്തിലെ ശ്മശാനത്തിൽ ഞായറാഴ്ച സംസ്‍കാരം നടത്തി. മരിച്ചയാള്‍ ക്രിസ്തുമതം സ്വീകരിച്ചതിനാലാണ് ഗ്രാമവാസികള്‍ സംസ്‍കാരം തടഞ്ഞതെന്ന് ബലോദ് ജില്ലാ പൊലീസ് മേധാവി യോഗേഷ് പട്ടേൽ ദേശീയമാധ്യമത്തോട് പറഞ്ഞു.
നവംബര്‍ അഞ്ചിന് കാങ്കര്‍ ജില്ലയിൽ മരിച്ച 25കാരനായ മനോജ് നിഷാദിന്റെ മൃതദേഹവും ജന്മഗ്രാമത്തില്‍ സംസ്‌കരിക്കാൻ അനുവദിച്ചില്ല. ബന്ധുക്കള്‍ക്ക് മൂന്ന് ദിവസം മൃതദേഹവുമായി സ്ഥലം തേടി അലയേണ്ടിവന്നു. നിഷാദിന്റെ കുടുംബത്തിന്റെ സ്വന്തം ഭൂമിയിലാണ് സംസ്‌കാരം നടത്താനിരുന്നത്. ക്രൈസ്‌തവ വിശ്വാസികള്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. കുടുംബം ക്രൈസ്‌തവ വിശ്വാസം ഉപേക്ഷിച്ചാൽ മാത്രമേ സംസ്‌കാരം അനുവദിക്കൂവെന്ന നിലപാടില്‍ ഗ്രാമത്തിലെ അധികാരികള്‍ ഉറച്ചുനിന്നു. പൊലീസ് ഇടപെടാന്‍ തയ്യാറായില്ല. ജന്മനാട്ടിൽ മൃതദേഹം സംസ്‍കരിക്കാനുള്ള ഭരണഘടനാപരമായ അവകാശം ക്രിസ്‌ത്യാനികള്‍ക്ക് ഏകപക്ഷീയമായി നിഷേധിക്കുകയാണെന്ന് ഛത്തീസ്ഗഡ് ക്രിസ്‌ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നലാൽ പറഞ്ഞു.









0 comments