"പുരുഷന്മാർക്ക് അടയാളമില്ലല്ലോ, താലി ധരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകൾ"; ഭർത്താവിന്റെ പരാമർശത്തിന് പിന്നാലെ ചിന്മയിക്കെതിരെ സൈബർ ആക്രമണം

ചിന്മയി ശ്രീപാദ, രാഹുൽ രവീന്ദ്രന്‍ | Photo Credit: Instagram
ദൈഹരാബാദ്: വിവാഹശേഷം സ്ത്രീകള്‍ താലിമാല ധരിക്കുന്നതിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഗായിക ചിന്മയി ശ്രീപാദയ്ക്കും, ഭർത്താവും നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനുമെതിരെ സൈബർ ആക്രമണം. താലി ധരിക്കണോ വേണ്ടയോ എന്നത് സ്ത്രീകളുടെ തീരുമാനമാണെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആക്രമണം. ദമ്പതികൾ സംസ്കാരം ഉയർത്തിപ്പിടിക്കുന്നില്ലെന്നും, ഇവർക്ക് കുട്ടികൾ ഉണ്ടാകാൻ പാടില്ലെന്നും വരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഒരുസംഘം.
"ഞങ്ങളുടെ വിവാഹത്തിന് ശേഷം താലി ധരിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാമെന്ന് ഞാൻ ചിന്മയിയോട് പറഞ്ഞിരുന്നു. എന്റെ അഭിപ്രായം താലി ധരിക്കേണ്ടതില്ല എന്നാണ്. വിവാഹിതനായതിന്റെ പ്രത്യക്ഷമായ അടയാളം പുരുഷന്മാർക്ക് ഇല്ലാത്തപ്പോൾ സ്ത്രീകൾ മാത്രം അത് ധരിക്കാൻ ബാധ്യസ്ഥരാകുന്നത് ശരിയല്ലല്ലോ"- എന്നാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ രാഹുൽ രവീന്ദ്രൻ പറഞ്ഞത്.
ഈ പ്രസ്താവന സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ചിലർ രാഹുലിനെ പിന്തുണച്ചപ്പോൾ മറ്റുചിലർ രാഹുൽ- ചിന്മയ ദമ്പതികൾ ആചാരവിരുദ്ധരാണെന്നും സംസ്കാരത്തെ അപമാനിക്കുന്നവരാണെന്നും വിമർശിച്ചു. പിന്നാലെയാണ് ഇരുവർക്കുംനേരെ സൈബർ ആക്രമണം തുടങ്ങുന്നത്. ചിന്മയിയെ പോലുള്ളവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാന്‍ പാടില്ലെന്നും, ഉണ്ടായാല്‍ തന്നെ ഉടൻതന്നെ മരിക്കണമെന്നുംവരെ ഒരുകൂട്ടം ആളുകൾ വിമർശിച്ചു. അസഭ്യപരാമർശങ്ങളുമുണ്ടായി.
ആക്രമണം ഇരുവരുടെയും കുട്ടികൾക്കുനേരെയും തുടരുകയും പരിധിവിടുകയും ചെയ്തതോടെ, ചിന്മയി വിഷയം ഹൈദരാബാദ് സിറ്റി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഒരു അഭിപ്രായം ഇഷ്ടപ്പെടുന്നില്ലെങ്കിൽ അവർക്ക് അത് അവഗണിക്കാവുന്നതേയുള്ളു. നിയമനടപടികൾ 15 വർഷത്തോളം ഏടുത്താലും ഇതിൽ പരാതി നൽകാൻ ഞാൻ തയ്യാറാണ്. - ചിന്മയി ഹൈദരാബാദ് സിറ്റി പൊലീസ് കമീഷണറെ എക്സിൽ ടാഗ് ചെയ്ത് പറഞ്ഞു. പിന്നാലെ വിഷയം പരിശോധിക്കാൻ കമീഷണറർ സിറ്റി പൊലീസിന് നിർദേശം നൽകി.
പരാതിക്ക് പിന്നാലെ അസഭ്യപരാമർശങ്ങൾ നടത്തിയ പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അപ്രത്യക്ഷമായി.









0 comments