ചൈനയുടെ നിക്ഷേപം ആകാം; നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കേന്ദ്രം


സ്വന്തം ലേഖകൻ
Published on Aug 24, 2025, 12:26 AM | 1 min read
ന്യൂഡൽഹി: ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ച 50 ശതമാനം അമിത തീരുവയിൽനിന്ന് രക്ഷതേടി ചൈനയെ സമീപിച്ച മോദി സർക്കാർ അവിടെ നിന്നുള്ള നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. ചൈനയിൽനിന്ന് നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള (എഫ്‌ഡിഐ) നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പൊതുചടങ്ങിൽ പറഞ്ഞു.
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള എഫ്‌ഡിഐ വിലക്കി കേന്ദ്രസർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധി കണക്കിലെടുത്ത് ചില തന്ത്രപ്രധാന മേഖലകളിലേക്കുള്ള എഫ്‌ഡിഐയാണ് വിലക്കിയതെന്ന് മന്ത്രി ഗോയൽ വിശദീകരിച്ചു. എല്ലാ മേഖലകൾക്കും വിലക്കില്ല. എഫ്‌ഡിഐ നിർദേശങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നുവെന്ന് മാത്രമേയുള്ളൂ. ഒട്ടനവധി കമ്പനികൾക്ക് അനുമതി നൽകി. സമയവും സാഹചര്യവും മാറുന്നതിനനുസരിച്ച് തീരുമാനങ്ങളിലും മാറ്റംവരും– ചൈനയിൽ നിന്നുള്ള എഫ്‌ഡിഐയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ചൈന വിദേശകാര്യ മന്ത്രി വാങ് യിയുടെ സന്ദർശനശേഷം ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലപ്പെടുകയാണ്. രാസവളം, അപൂർവ്വ ധാതുക്കൾ, തുരങ്കനിർമ്മാണ യന്ത്രങ്ങൾ എന്നിവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ചൈന സന്നദ്ധത അറിയിച്ചു. റഷ്യ– ഉക്രയ്‌ൻ യുദ്ധത്തെ തുടർന്ന് രാസവളം ലഭ്യത കുറഞ്ഞതിനൊപ്പം ചൈനയിൽ നിന്നുള്ള ഇറക്കുമതി ഇല്ലാതായത് ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചൈന നിയന്ത്രണം എടുത്തുകളഞ്ഞതോടെ കാർഷിക മേഖല അഭിമുഖീകരിച്ച ആശങ്കകൾ കുറഞ്ഞിട്ടുണ്ട്.









0 comments