ബജ്‌റംഗ്‌ദളുകാർക്ക് എതിരെ യുവതികള്‍ പരാതി നല്‍കി
ജാമ്യം എതിർത്ത് ബിജെപി സർക്കാർ ; നിർണായകമായത് യുവതികളുടെ മൊഴി

ആക്രമണം നടത്തിയ ബജ്‌രംഗ്‌ദളുകാർക്കെതിരെ പരാതി നൽകാൻ നാരായണ്‍പുർ പൊലീസ് സ്‌റ്റേഷനിൽ എത്തിയ യുവതികൾ
ന്യൂഡൽഹി
ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ ശക്തമായി എതിർത്തിട്ടും കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിച്ചത് ഒപ്പമുണ്ടായിരുന്ന യുവതികളുടെയും രക്ഷിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ. കന്യാസ്‌ത്രീകൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവതികളില്‍ രണ്ടുപേർ തങ്ങൾ ചെറുപ്പം മുതൽ ക്രൈസ്‌തവ വിശ്വാസികളാണെന്ന് മൊഴി നൽകി. മനുഷ്യക്കടത്തിനോ മതംമാറ്റാനോ കന്യാസ്‌ത്രീകൾ ശ്രമിച്ചിട്ടില്ലെന്ന് രക്ഷിതാക്കളും വ്യക്തമാക്കി. ബിജെപി സർക്കാരിന്റെ വാദം തള്ളി ജാമ്യം നല്‍കാന്‍ കോടതിക്ക് ഈ മൊഴി നിർണായകമായി.
കേരളം ശക്തമായ പ്രതിഷേധമുയർത്തിയിട്ടും ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാരും സംഘപരിവാറും വഴങ്ങാൻ കൂട്ടാക്കിയില്ല. കന്യാസ്ത്രീകളെ പരാമവധി കാലം ജയിലിൽ അടയ്‌ക്കാനാണ് ബിജെപിയും സംഘപരിവാറും ഉത്സാഹിച്ചത്. ഛത്തീസ്‌ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തിലെ ബിജെപി നേതാക്കളും അവകാശപ്പെട്ടു. എന്നാൽ ഇതിന് വിരുദ്ധമായാണ് കാര്യങ്ങൾ നീങ്ങിയത്.
കന്യാസ്‌ത്രീകൾ മനുഷ്യക്കടത്താണ് നടത്തിയതെന്നും നിർബന്ധിത മതപരിവർത്തനമായിരുന്നു ലക്ഷ്യമെന്നും ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ കോടതിയിൽ വാദിച്ചു. ജാമ്യം അനുവദിച്ചാൽ കന്യാസ്ത്രീകൾ കേരളത്തിലേക്ക് രക്ഷപ്പെടുമെന്നുപോലും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ അവകാശവാദങ്ങൾ ഉന്നയിച്ചതല്ലാതെ കന്യാസ്ത്രീകളുടെ മോചനത്തിനായി ആത്മാർത്ഥമായ ഒരിടപെടലും കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
കേരളത്തിലെ ജനരോഷം മറികടക്കാൻ കണ്ണിൽ പൊടിയിടൽ മാത്രമാണ് ബിജെപി നേതാക്കളിൽ നിന്നുണ്ടായത്. തീവ്ര നിലപാടുകാരെ പ്രീണിപ്പിക്കുന്നതിനായി ഹിന്ദു ഐക്യവേദി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘപരിവാർ സംഘടനകളും ഒരു വിഭാഗം ആർഎസ്‌എസ് നേതാക്കളും കന്യാസ്‌ത്രീകളുടെ അറസ്‌റ്റിനെ ശക്തമായി ന്യായീകരിച്ചു. ഇരയ്‌ക്കൊപ്പവും വേട്ടക്കാർക്കൊപ്പവും സംഘപരിവാർ തന്ത്രപൂർവം നിലകൊണ്ടു.
ബജ്‌റംഗ്‌ദളുകാർക്ക് എതിരെ യുവതികള്‍ പരാതി നല്‍കി
ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയാക്കിയ ജ്യോതി ശർമയുടെ നേതൃത്വത്തിലുള്ള ബജ്‌രംഗ്‌ദളുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന ആദിവാസി യുവതികള്‍ പരാതി നൽകി. തടഞ്ഞുവെച്ച് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് നാരായൺപുർ പൊലീസിന് നൽകിയ പരാതി.
പെൺകുട്ടികൾക്കും കന്യാസ്ത്രീകൾക്കുംനേരെ റെയിൽവേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും ബജ്‌രംഗ്‌ദളുകാർ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മിണ്ടിയാൽ മുഖത്തടിക്കുമെന്ന് ആക്രോശിച്ചാണ് കന്യാസ്ത്രീകൾക്ക് എതിരെ മൊഴിനൽകാൻ ജ്യോതി ശർമ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇവർ പൊലീസിനെ നോക്കുകുത്തിയാക്കിയാണ് അതിക്രമം നടത്തിയത്.









0 comments