ബജ്-രംഗ്-ദളിനും പൊലീസിനുമെതിരെ യുവതികൾ പരാതി നൽകി

ക്രൂരമർദനം, 
 ബലാത്സംഗ
 ഭീഷണി ; ആദിവാസി യുവതികൾ നേരിട്ടത്‌ കൊടുംക്രൂരത

Chhattisgarh Malayali Nuns Arrest

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾക്കൊപ്പം പോകവെ ബജ്‌റംഗ്‌ദൾ ആക്രമണത്തിന്‌ ഇരയായ ആദിവാസി യുവതി കമലേശ്വരി പ്രധാൻ സംഭവം വിവരിക്കുമ്പോൾ കണ്ണീർ പൊടിയുന്നു ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Aug 04, 2025, 01:22 AM | 2 min read


ന്യൂഡൽഹി

ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകളെ കുടുക്കാൻ വ്യാജമൊഴി നൽകാൻ ആദിവാസി യുവതികളെ ബജ്‌രംഗ്കാരും പൊലീസും ക്രൂരമായി പീഡിപ്പിച്ചെന്ന്‌ വെളിപ്പെടുത്തൽ. പറയുന്നപോലെ മൊഴി നൽകിയില്ലെങ്കിൽ ബലാത്സംഗം ചെയ്യുമെന്ന്‌ ബജ്‌രംഗ്‌ദളുകാർ ഭീഷണിപ്പെടുത്തി മർദിച്ചു. ദുർഗ്‌ പൊലീസ്‌ നോക്കുകുത്തിയായി–- യുവതികള്‍ പൊലീസിന്‌ നൽകിയ പരാതിയില്‍ പറയുന്നു. ഞായറാഴ്‌ച രണ്ട്‌ പെൺകുട്ടികൾ നാരായൺപുരിലെ ഓർച്ച പൊലീസ്‌ സ്റ്റേഷനിലും ഒരാൾ കുക്കുടജോർ സ്റ്റേഷനിലുമാണ്‌ പരാതി നൽകിയത്‌. ഇടതുപക്ഷ നേതാക്കൾ പിന്തുണ നൽകിയതോടെ യുവതികൾ അവർക്കൊപ്പം എത്തിയാണ്‌ പരാതി നൽകിയത്‌. നാരായൺപുർ സ്റ്റേഷനിൽ ശനിയാഴ്‌ച നൽകിയ പരാതി സ്വീകരിക്കാൻ എസ്‌പി തയ്യാറായിരുന്നില്ല.


കന്യാസ്‌ത്രീകൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ കൂടെയുള്ളവരെക്കൊണ്ട്‌ ബലാത്സംഗം ചെയ്യിപ്പിക്കുമെന്നും സഹോദരനെ കൊല്ലുമെന്നും ജ്യോതി ശർമ ഭീഷണിമുഴക്കി


‘ദുർഗ്‌ റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്‌രംഗ്‌ദൾ നേതാവ്‌ ജ്യോതി ശർമയുൾപ്പെടെ രണ്ട്‌ വനിതകളും നൂറിലേറെ പുരുഷൻമാരും വളഞ്ഞ്‌ അസഭ്യം പറയാനും മർദിക്കാനും തുടങ്ങി. ജാതി പറഞ്ഞ്‌ അധിക്ഷേപിച്ചു. റെയിൽവേ പൊലീസ്‌ സ്റ്റേഷനിൽ എത്തിച്ചശേഷം ഒരു യുവാവ്‌ ബലാത്സംഗം ചെയ്യുമെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിക്കുമെന്നും ഭീഷണിപ്പെടുത്തി. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന സുഖ്‌മാൻ മാണ്ഡവിയെ പൊതിരെ തല്ലി.


ഞങ്ങളുടെ മുഖത്തടിച്ചു. റെയിൽവേ പൊലീസുകാരെ പുറത്തിറക്കിയശേഷം ബജ്‌രംഗ്‌ദളുകാർ വാതിലടച്ചു. കന്യാസ്‌ത്രീകൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ കൂടെയുള്ളവരെക്കൊണ്ട്‌ ബലാത്സംഗം ചെയ്യിപ്പിക്കുമെന്നും സഹോദരനെ കൊല്ലുമെന്നും ജ്യോതി ശർമ ഭീഷണിമുഴക്കി. ബജ്‌രംഗ്‌ദളുകാർ കൂട്ടത്തോടെ ഞങ്ങളെ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ എത്തിക്കുന്നതിനിടെ പലരും ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചു.


സ്റ്റേഷനിൽ പൂട്ടിയിട്ടു. മതപരിവർത്തനമല്ലെന്നും മാതാപിതാക്കളുടെ അറിവോടെയാണ്‌ വന്നതെന്നും പറഞ്ഞപ്പോൾ സത്യം പറയരുതെന്ന്‌ ഭീഷണിപ്പെടുത്തി’–പരാതിയിൽ പറഞ്ഞു. സഖി സെന്ററിൽ എത്തിച്ചശേഷം ആരോടും സംസാരിക്കരുതെന്നും മൊബൈൽ ഉപയോഗിക്കരുതെന്നും പൊലീസ്‌ പറഞ്ഞതായും പരാതിയിലുണ്ട്‌.


nun arrest


ഭയം കാരണമാണ്‌ കന്യാസ്‌ത്രീകൾക്കെതിരെ മൊഴി നൽകിയതെന്ന്‌ കമലേശ്വരി പ്രധാൻ പരാതിയിൽ പറഞ്ഞു. ബജ്‌രംഗദളിനെതിരായ പരാതിയുമായി മുന്നോട്ടുപോകും. കന്യാസ്‌ത്രീകൾ നിരപരാധികളാണെന്നും ജോലിക്കാണ്‌ ഒപ്പം പോയതെന്നും യുവതികളും മാതാപിതാക്കളും ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. യുവതികളും കുടുംബവും ഇടതുപക്ഷത്തിന്റെ സംരക്ഷണയിലാണിപ്പോൾ.


അതേസമയം, യുവതികളുടെ പരാതിയിൽ കേസെടുക്കാൻ ഇതുവരെ പൊലീസ്‌ തയ്യാറായിട്ടില്ല. യുവതികളുടെ മൊഴിയും മാതാപിതാക്കളുടെ സത്യവാങ്‌മൂലവും കണക്കിലെടുത്താണ്‌ ബിലാസ്‌പുർ എൻഐഎ കോടതി ശനിയാഴ്‌ച കന്യാസ്‌ത്രീകൾക്ക്‌ ജാമ്യം അനുവദിച്ചത്‌. അവരുടെ സുരക്ഷ പരിഗണിച്ച്‌ ദുർഗിൽനിന്ന്‌ ദല്ലി രാജ്‌ഹാര മഠത്തിലേക്ക്‌ മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Home