ഛത്തീസ്ഗഡ് കേസ്: ജാമ്യം ലഭിച്ചത് യുവതികളുടെയും രക്ഷിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ

ദുർഗ് : ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് കാരണമായത് മൂന്ന് യുവതികളുടെയും അവരുടെ രക്ഷിതാക്കളുടെയും സത്യവാങ്മൂലവും മൊഴികളും. മൂന്ന് യുവതികളെയും നിർബന്ധിച്ച് മതം മാറ്റാനോ മനുഷ്യക്കടത്ത് നടത്താനോ കന്യാസ്ത്രീകൾ ശ്രമിച്ചിട്ടില്ലെന്ന അവരുടെ രക്ഷിതാക്കൾ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് എൻഐഎ പ്രത്യേക കോടതി ജാമ്യ ഉത്തരവിൽ പറഞ്ഞു.
ഇവരിൽ രണ്ടു പെൺകുട്ടികൾ തങ്ങൾ കുട്ടിക്കാലം മുതൽ ക്രൈസ്തവരാണെന്നും മൊഴി നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രൊസ്യുക്യൂഷൻ എതിർത്തിട്ടും കന്യാസ്ത്രീകൾക്കും മറ്റൊരു പ്രതിയായ സുഖ്മാൻ മാണ്ഡവിക്കും കോടതി ജാമ്യം നൽകിയതിന് മുഖ്യ കാരണം ഇതാണ്. പ്രതികൾക്കെതിരെ മുൻകാലത്ത് കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
എഫ്ഐആറിൽ ആരോപിച്ചിരിക്കുന്ന വാദങ്ങൾ കെട്ടുക്കഥയും സംശയവുമാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മനുഷ്യക്കടത്തും രാജ്യദ്രോഹവുമടക്കം ഗുരുതരകുറ്റങ്ങൾ ചുമത്തിയിട്ടും ജാമ്യം നൽകിയതിൽ നിന്നും ഛത്തീസ്ഗഡ് പൊലീസിന്റെ കെട്ടിച്ചമച്ച കേസ് പൊളിയുകയാണുണ്ടായത്.
ഛത്തീസ്ഗഡ് സർക്കാരും എൻഐഎയും ജാമ്യം നൽകുന്നതിനെ എതിർത്തെന്നും വിധിന്യായത്തിൽ പറയുന്നു. ഛത്തീസ്‌ഗഡിൽ കള്ളക്കേസ് ചാർത്തി ജയിലിൽ അടച്ചിരിക്കുന്ന മലയാളി കന്യാസ്‌ത്രീമാരായ പ്രീതി മേരിക്കും വന്ദന ഫ്രാൻസിസിനും ജാമ്യം. എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യമാണ് കോടതി അനുവദിച്ചത്.









0 comments