ചെന്നൈയിൽ പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം
ചെന്നൈ : ചെന്നൈയിൽ അയൽവാസി വളർത്തുന്ന നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. ചെന്നൈ ജാഫർഖാൻപേട്ട് ഏരിയയിൽ കുമരൻ നഗറിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിഎസ്എം ഗാർഡൻ സ്ട്രീറ്റിൽ താമസിക്കുന്ന കരുണാകരനാണ് അയൽവാസി വളർത്തുന്ന പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ മരിച്ചത്. നായയുടെ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ കൈക്കും കാലിനും പരിക്കേറ്റു. ഇവർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരെ ബിഎൻഎസ് സെക്ഷൻ 106 (അശ്രദ്ധമൂലമുള്ള മരണം), സെക്ഷൻ 291 (മൃഗങ്ങളെ സംബന്ധിച്ചുള്ള അശ്രദ്ധ) എന്നിവ പ്രകാരം ചെന്നൈ ആർ6 പൊലീസ് കേസെടുത്തു.
ഏഴ് വീടുകൾ ഉൾക്കൊള്ളുന്ന ഇടുങ്ങിയ പാതയിലൂടെ കരുണാകരൻ പൊതു ടോയ്‌ലറ്റിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിറ്റ്ബുൾ ഉടമയുടെ വീട് കടന്ന് ടോയ്‌ലറ്റിലേക്ക് എത്തുമ്പോൾ പിറ്റ്ബുൾ ആക്രമിക്കുകയായിരുന്നു. കരുണാകരന്റെ തുടയിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിനുശേഷം അര മണിക്കൂറിനുള്ളിൽ കരുണാകരൻ മരിച്ചതായാണ് വിവരം.
തിരക്കേറിയ തെരുവിലെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നായയെ മാറ്റാൻ ഉടമയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പിന്നീട് വെറ്ററിനറി ഉദ്യോഗസ്ഥർ പിറ്റ്ബുള്ളിനെ പിടികൂടി നിരീക്ഷണത്തിനായി അയച്ചിട്ടുണ്ട്. താമസക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ഉടമയ്‌ക്കെതിരെ മുമ്പ് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷമായി ഇവർ പ്രദേശത്ത് താമസിക്കുകയാണ്.
കഴിഞ്ഞ വർഷം ചെന്നൈയിൽ പാർക്കിൽ വെച്ച് പെൺകുട്ടിയെ റോട്ട്‌വീലറുകൾ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യം രണ്ട് റോട്ട്‌വീലറുകളുടെ ആക്രമണത്തിൽ ഒരു ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. ഈ കേസിൽ ഉടമയെ അറസ്റ്റ് ചെയ്തു. പുതിയ സംഭവത്തെത്തുടർന്ന്, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി) വെറ്ററിനറി ഓഫീസറും കോടമ്പാക്കം സോണൽ ഓഫീസറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പിറ്റ്ബുള്ളിനെ പിടികൂടി ജിസിസിയുടെ കണ്ണമപേട്ട് എബിസി പൗണ്ടിലേക്ക് മാറ്റി. മൃഗക്ഷേമ ബോർഡിൽ നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ പിറ്റ്ബുള്ളിനെ ഐസൊലേഷനിൽ സൂക്ഷിക്കുമെന്ന് ജിസിസി വെറ്ററിനറി ഓഫീസർ പറഞ്ഞു.
കേന്ദ്രസർക്കാർ ഇറക്കുമതിയും വിൽപ്പനയും പ്രജനനവും നിരോധിച്ച 23 അപകടകരമായ നായ ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ് പിറ്റ്ബുള്ളുകൾ.









0 comments