ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർ പട്ടിക പരിഷ്‌കരണം എന്തിന്; ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൂടിയാലോചനയൊന്നും കൂടാതെ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന പ്രഖ്യാപിച്ചതിനെതിരെ വിമർശനുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വോട്ടർ പട്ടികയിലെ പരിഷ്‌കരണം എന്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചു.
പൗരത്വം തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷൻ അല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണെന്നും കോടതി വിമർശിച്ചു. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്‌മാല്യ ബാഗ്‌ചി എന്നവരടങ്ങിയ ബെഞ്ച് വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരായ ഹർജികൾ പരിഗണിക്കുകയാണ്.
ആർജെഡി, കോൺഗ്രസ്, ശരദ് പവാറിന്റെ എൻസിപി, സിപിഐ എംഎൽ ലിബറേഷൻ, ജെഎംഎം, ശിവസേന (യുബിടി), എസ്‍പി, ഡിഎംകെ, സിപിഐ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും അറിയിച്ചിരുന്നു.
Related News
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സാധാരണ നിലയിലുള്ള വോട്ടർപ്പട്ടിക പുതുക്കൽ പ്രക്രിയ ബിഹാറിൽ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കമീഷൻ ജൂൺ 24ന് തീവ്രപുനഃപരിശോധന ഏകപക്ഷീയമായി പ്രഖ്യാപിച്ചത്.പ്രതിപക്ഷ പാർടികൾ ശക്തമായ എതിർപ്പ് അറിയിച്ചിട്ടും നടപടികളുമായി കമീഷൻ മുന്നോട്ടുപോവുകയാണ്.
കേന്ദ്രസർക്കാരിന്റെ ശക്തമായ പിന്തുണയില്ലാതെ കമീഷൻ ഇത്തരമൊരു സാഹസത്തിന് മുതിരില്ല. എൻഡിഎ ഘടകകക്ഷികൾപോലും അവസാന നിമിഷത്തിലുള്ള പുനഃപരിശോധനാ പ്രക്രിയയോട് വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ ബിജെപിയും സംഘപരിവാറും മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷനെ പിന്തുണയ്‌ക്കുന്നത്.









0 comments