വിയോജിപ്പ് രേഖയിലില്ല; വിപുൽ പഞ്ചോളിയും അലോക് ആരാധെയും സുപ്രീം കോടതി ജഡ്ജിമാർ

ന്യൂഡൽഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അലോക് ആരാധെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വിപുൽ മനുഭായ് പഞ്ചോളി എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. കൊളീജിയം ശുപാർശ പ്രകാരം ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ട് കേന്ദ്രം വിജ്ഞാപനം ചെയ്തു.
കൊളീജിയം യോഗത്തിൽ ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജസ്റ്റിസ് പഞ്ചോളിയുടെ സ്ഥാനക്കയറ്റത്തിനുള്ള കൊളീജിയം ശുപാർശയിൻമേലാണ് വിയോജിപ്പ് ഉണ്ടായത്.
അഖിലേന്ത്യാ സീനിയോറിറ്റിയിൽ താരതമ്യേന താഴ്ന്ന റാങ്കിലുള്ള പഞ്ചോളിയെ പരിഗണിക്കുന്നതിലായിരുന്നു വിയോജിപ്പ്. ഇതിനൊപ്പം 2023-ൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് പട്ന ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ജസ്റ്റിസ് നാഗരത്ന ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായി. ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ഇതിനകം രണ്ട് ജഡ്ജിമാരുണ്ടെന്നതും സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജിയായ നാഗരത്ന ചൂണ്ടികാട്ടി.
എന്നാൽ സുപ്രീം കോടതി കൊളീജിയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ ജസ്റ്റിസ് നാഗരത്നയുടെ വിയോജിപ്പ് രേഖപ്പെടുത്തുകയോ തീരുമാനത്തിനുള്ള കാരണങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. സീനിയോറിറ്റി അനുസരിച്ച് 2031 ഒക്ടോബർ മുതൽ 2033 മെയ് വരെ ജസ്റ്റിസ് പഞ്ചോളി ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും.
ഈ രണ്ടു പേരുടെയും നിയമനങ്ങളോടെ സുപ്രീം കോടതി 34 ജഡ്ജിമാരുടെ പൂർണ്ണ അംഗസംഖ്യയിലേക്ക് തിരിച്ചെത്തിയിരിക്കയാണ്.

ജസ്റ്റിസ് അലോക് ആരാധെ നിലവിൽ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. 2025 ജനുവരി 21 ന് അധികാരമേറ്റു. 2023 ജൂലൈ മുതൽ 2025 ജനുവരി വരെ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. കർണാടക ഹൈക്കോടതി, ജമ്മു കശ്മീർ ഹൈക്കോടതി, മധ്യപ്രദേശ് ഹൈക്കോടതി എന്നിവിടങ്ങളിൽ ജഡ്ജിയായി. കർണാടക ഹൈക്കോടതി (ജൂലൈ-ഒക്ടോബർ 2022), ജമ്മു കശ്മീർ ഹൈക്കോടതി (മെയ്-ഓഗസ്റ്റ് 2018) എന്നിവയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചു.
1964 ഏപ്രിൽ 13 ന് മധ്യപ്രദേശിലെ റായ്പൂരിൽ ജനിച്ച ജസ്റ്റിസ് ആരാധെ ബി എസ്‌സി, എൽഎൽബി. ബിരുദങ്ങൾ പൂർത്തിയാക്കി 1988 ൽ ജബൽപൂരിലെ മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് നിയമ പരിശീലനം ആരംഭിച്ചു. 2007 ൽ നിയുക്ത സീനിയർ അഭിഭാഷകനായി നിയമിതനായി. സിവിൽ, ഭരണഘടനാ, ആർബിട്രേഷൻ, കമ്പനി നിയമം എന്നിവയിൽ വൈദഗ്ദ്ധ്യം നേടി.
2009 ൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2016 ൽ ജമ്മു കശ്മീർ ഹൈക്കോടതിയിലേക്കും പിന്നീട് 2018 ൽ കർണാടക ഹൈക്കോടതിയിലേക്കും സ്ഥലം മാറി, തെലങ്കാനയിലും ബോംബെയിലും ചീഫ് ജസ്റ്റിസ് സ്ഥാനങ്ങൾ ഏറ്റെടുത്തു.
ജസ്റ്റിസ് വിപുല്‍ മനുഭായ് പഞ്ചോളി പട്ന ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസാണ്. 2023 ജൂലൈ ഇവിടെ ജഡ്ജിയായി സേവനമനുഷ്ഠിച്ച ശേഷമാണ് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. ജസ്റ്റിസ് പഞ്ചോളി 2014 ഒക്ടോബർ മുതൽ പട്നയിലേക്ക് സ്ഥലംമാറ്റം ലഭിക്കും വരെ വരെ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്നു. 2023 ൽ പട്നയിലേക്ക് ഇദ്ദേഹത്തെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്ത യോഗത്തിന്റെ മിനിറ്റ്സ് കാണണമെന്ന് കൊളീജിയം യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ജസ്റ്റീസ് നാഗരത്നയാണ് ഇദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിൽ വിയോജിച്ച് കൊണ്ട് മിനിറ്റ്സ് ആവശ്യപ്പെട്ടത്.
1968 മെയ് 28 ന് അഹമ്മദാബാദിൽ ജനിച്ച ജസ്റ്റിസ് പഞ്ചോളി, അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സിൽ സയൻസ് ബിരുദവും ഗുജറാത്ത് സർവകലാശാലയിലെ സർ എൽ.എ. ഷാ ലോ കോളേജിൽ നിന്ന് വാണിജ്യ നിയമത്തിൽ ബിരുദാനന്തര ബിരുദവും (എൽ.എൽ.എം.) നേടി. 1991 സെപ്റ്റംബറിൽ അഭിഭാഷകനായി.
ക്രിമിനൽ, സിവിൽ, പ്രോപ്പർട്ടി, സർവീസ്, കുടുംബം, ബാങ്കിംഗ് നിയമങ്ങളിൽ വൈദഗ്ദ്ധ്യം നേടി. 1999 നും 2006 നും ഇടയിൽ ഗുജറാത്ത് ഹൈക്കോടതിയിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിട്ടണ്ട്.
2014 ഒക്ടോബറിൽ ഗുജറാത്ത് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. 2016 ജൂണിൽ സ്ഥിരം ജഡ്ജിയായി സ്ഥിരീകരണം ലഭിച്ചു.








0 comments