കേന്ദ്രം 15.69 ലക്ഷം കോടി കടമെടുക്കും

ന്യൂഡൽഹി : 2025–26 സാമ്പത്തിക വർഷം കേന്ദ്രസർക്കാർ 15.69 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് ധനമന്ത്രാലയം. ഇതിൽ 73.6 ശതമാനം വിപണിയിൽ നിന്നാണ് കടമെടുക്കുക. ഗവൺമെന്റ് സെക്യൂരിറ്റീസ്, ട്രഷറി ബില്ലുകൾ മുഖേനയാണ് കടമെടുപ്പെന്നും ധനമന്ത്രാലയം വി ശിവദാസൻ എംപിക്ക് നൽകിയ മറുപടിയിൽ അറിയിച്ചു.
സംസ്ഥാന സർക്കാരുകളുടെ വിഭവസമാഹരണത്തിനുള്ള വഴികൾ തടയാൻ പതിനെട്ട് അടവുകളും പയറ്റുന്ന കേന്ദ്രസർക്കാർ ലക്ഷകണക്കിന് കോടി രൂപയാണ് ഒരോ വർഷവും കടമെടുക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ രീതിയിൽ മൂലധനമിറക്കുന്ന സംസ്ഥാനങ്ങളെ അതിൽനിന്നും തടയുന്ന നിലപാട് ഇനിയെങ്കിലും കേന്ദ്രസർക്കാർ തിരുത്തണമെന്ന് വി ശിവദാസൻ ആവശ്യപ്പെട്ടു.
ഇന്ത്യയുമായി വ്യാപാരകരാർ 60 ദിവസത്തിനുള്ളിലെന്ന് ന്യൂസിലൻഡ്
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ 60 ദിവസത്തിനുള്ളിൽ ഒപ്പിടാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്‌റ്റഫർ ലക്‌സൺ. ഇരുഭാഗത്ത് നിന്നുള്ള വ്യാപാരങ്ങൾ 10 മടങ്ങ് വർധിപ്പിക്കുന്ന കരാർ ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ–-ന്യൂസിലൻഡ് സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാർഷിക, ക്ഷീര മേഖലകൾ ന്യൂസിലൻഡിന് തുറന്നുകൊടുക്കാനുള്ള കരാറിനെ വലിയ ആശങ്കയോടെയാണ് രാജ്യത്തെ കർഷകർ നോക്കിക്കാണുന്നത്. ക്ഷീരമേഖലയെയാണ് ന്യൂസിലൻഡ് പ്രധാനമായും കണ്ണുവെക്കുന്നത്. 60 ദിവസത്തിനുള്ള വ്യാപാര കരാർ യാഥാർഥ്യമാകുമോയെന്ന ചോദ്യത്തിന് ശുഭപ്രതീക്ഷയാണുള്ളതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പ്രതികരിച്ചു.









0 comments