ദേശീയ ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും 2027 മാർച്ച് 1 മുതൽ

photo credit: pti
ന്യൂഡൽഹി: ദേശീയ ജനസംഖ്യാ സെൻസസ് 2027ൽ നടത്തുമെന്ന് കേന്ദ്രം. കോവിഡ് മൂലവും പിന്നീട് കാരണങ്ങളില്ലാതെയും കേന്ദ്രസർക്കാർ സെൻസസ് വൈകിപ്പിക്കുകയായിരുന്നു. ഇപ്പോൾ പ്രതിപക്ഷം ജാതി സെൻസസ് വിഷയം ഉന്നയിച്ച സമയത്താണ് കേന്ദ്രം ഈ പ്രഖ്യാപനം നടത്തുന്നത്. രണ്ടുഘട്ടമുള്ള സെൻസസിന്റെ ആദ്യ ഘട്ടം 2027 മാർച്ച് ഒന്നിന് ആരംഭിക്കും. ജൂൺ 16ന് വിജ്ഞാപനത്തോടെ സർക്കാർ ഔദ്യോഗികമായി പ്രക്രിയ ആരംഭിക്കും.
മഞ്ഞുവീഴ്‌ച കണക്കിലെടുത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മുകശ്‌മീർ എന്നിവയ്‌ക്ക് പുറമേ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സെൻസസ് പ്രവർത്തനം 2026 ഒക്ടോബർ 1 ന് ആരംഭിക്കും.
2011 ലെ സെൻസസ് അനുസരിച്ച്, വീടുകളുടെ പട്ടിക തയ്യാറാക്കുന്ന ആദ്യ ഘട്ടം അടുത്ത വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയും യഥാർഥ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്ന രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിലുമാണ് നടക്കുക.
ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011 ലാണ്. എന്നാൽ 1948 ലെ സെൻസസ് നിയമവും 1990 ലെ സെൻസസ് നിയമങ്ങളും അനുസരിച്ച് നടപ്പിലാക്കുന്ന ഈ പ്രക്രിയയുടെ ഭാഗമായി ജാതി കണക്കെടുപ്പ് ഉണ്ടായിരുന്നില്ല. മാറ്റിവച്ച 2021 ലെ സെൻസസ് രണ്ട് ഘട്ടങ്ങളായി നടത്താൻ നിർദ്ദേശിച്ചിരുന്നു. ആദ്യ ഘട്ടം 2020 ഏപ്രിൽ-സെപ്‌തംബർ മാസങ്ങളിലും രണ്ടാം ഘട്ടം 2021 ഫെബ്രുവരിയിലും നടത്താനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ കോവിഡ് -19 കാരണം ഇത് നടത്താൻ കഴിഞ്ഞില്ല. പിന്നീട് കാരണങ്ങളില്ലാതെയും കേന്ദ്രസർക്കാർ സെൻസസ് വൈകിപ്പിക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സെൻസസിന്റെ ഭാഗമായി ജാതി സെൻസസ് നടക്കുന്നത് ഇതാദ്യമായാണ്. അവസാനമായി ജാതി സെൻസസ് നടന്നത് 1931 ലാണ്.









0 comments