പാകിസ്ഥാന് എതിരെ ലോകബാങ്കിലും എഫ്‌എടിഎഫിലും സമ്മർദ്ദം ശക്തമാക്കാൻ കേന്ദ്രസർക്കാർ നീക്കം


സ്വന്തം ലേഖകൻ
Published on May 23, 2025, 07:25 PM | 1 min read
ന്യൂഡൽഹി : പാകിസ്ഥാന് എതിരെ കർശന നടപടികൾ സ്വീകരിക്കാൻ ലോകബാങ്കിലും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിലും (എഫ്‌എടിഎഫ്) സമ്മർദ്ദം ശക്തമാക്കാൻ ഇന്ത്യ. പാകിസ്ഥാനുള്ള 20 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജിന് അംഗീകാരം നൽകുന്ന കാര്യം പുനഃപരിശോധിക്കാൻ ഇന്ത്യ ലോകബാങ്കിനോട് ആവശ്യപ്പെടും. പാകിസ്ഥാനെ ‘ഗ്രേലിസ്‌റ്റി’ൽ വീണ്ടും ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ വേഗം തീരുമാനമെടുക്കണമെന്ന് എഫ്‌എടിഎഫിലും ഇന്ത്യ സമ്മർദ്ദം ചെലുത്തും.
ആഗോളതലത്തിൽ ഭീകരപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുന്ന സംഘടനയാണ് എഫ്‌എടിഎഫ്. 2018 ജൂണിൽ എഫ്‌എടിഎഫ് പാകിസ്ഥാനെ ഗ്രേലിസ്‌റ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 2022 ഒക്ടോബറിൽ ഗ്രേലിസ്‌റ്റിൽ നിന്നും നീക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാകിസ്ഥാനെ വീണ്ടും എഫ്‌എടിഎഫ് ഗ്രേലിസ്‌റ്റിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്‌റ്റിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകൾ എഫ്‌എടിഎഫിന് ഉടൻ കൈമാറുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എഫ്‌എടിഎഫ് ഏതെങ്കിലും രാജ്യത്തെ ഗ്രേലിസ്‌റ്റിൽ ഉൾപ്പെടുത്തിയാൽ ആ രാജ്യത്തേക്കുള്ള വിദേശനിക്ഷേപങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും. അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പാകിസ്ഥാന് ഒരു ബില്യൺ (8500 കോടി) സഹായം അനുവദിച്ചതിൽ ഇന്ത്യയ്‌ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇന്ത്യ ഉന്നയിച്ച ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് ഐഎംഎഫ് പാകിസ്ഥാന് സഹായം നൽകിയത്. ഐഎംഎഫ് സഹായധനം നിർദ്ദിഷ്ട പദ്ധതികൾക്ക് ചെലവിടാതെ പാകിസ്ഥാൻ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണെന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാൽ, കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സഹായം അനുവദിച്ചതെന്നാണ് ഐഎംഎഫ് വിശദീകരണം. 11 പുതിയ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് പാകിസ്ഥാനുള്ള സഹായധനം ഐഎംഎഫ് അനുവദിച്ചിട്ടുള്ളത്.









0 comments