സെൻസസിന്‌ 
14,619.95 കോടിയുടെ ബജറ്റ്‌ ; ധനമന്ത്രാലയത്തിന്റെ അനുമതി തേടി രജിസ്‌ട്രാർ ജനറൽ

census
വെബ് ഡെസ്ക്

Published on Sep 02, 2025, 03:18 AM | 1 min read


ന്യൂഡൽഹി

സെൻസസ്‌ പ്രക്രിയയ്‌ക്കായി 14619.95 കോടി രൂപയുടെ ബജറ്റ്‌ ആവശ്യപ്പെട്ട്‌ രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ. ധനമന്ത്രാലയത്തിന്‌ കീഴിലുള്ള എക്‌സ്‌പെൻഡിച്ചർ ഫിനാൻസ്‌ കമ്മിറ്റിയോടാണ്‌ അനുമതി തേടിയത്‌. 2026–27 വർഷങ്ങളിൽ രണ്ട്‌ ഘട്ടമായി നടത്തുന്ന സെൻസസിനായാണ്‌ ഇ‍ൗ ചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌. 2026 ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള ആദ്യ ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കും. 2027 ഫെബ്രുവരിയിൽ രണ്ടാം ഘട്ടത്തിലാണ്‌ ജനസംഖ്യാ കണക്കെടുപ്പ്‌. ലഡാക്ക്‌, ജമ്മു കശ്‌മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ മാത്രം ജനസംഖ്യാ കണക്കെടുപ്പ്‌ 2026 സെപ്‌തംബറിൽ നടത്തും.


ആധുനിക സാങ്കേതികത ഉൾച്ചേർത്തുള്ള ആദ്യത്തെ ജനസംഖ്യാ കണക്കെടുപ്പ്‌ എന്ന സവിശേഷത 2027 സെൻസസിനുണ്ട്‌. മൊബൈൽ ആപ്പിലൂടെയാകും വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യുക. വിവിധ ഭാഷകളിലുള്ള പോർട്ടലും സജ്ജമാക്കും. ഓൺലൈനിലൂടെ കണക്കെടുപ്പിൽ സ്വയം പങ്കാളിയാകാനും ജനങ്ങൾക്ക്‌ അവസരമുണ്ടാകും. ഡിജിറ്റൽ സെൻസസ്‌ സങ്കേതങ്ങളിൽ 35 ലക്ഷം ഫീൽഡ്‌ ഉദ്യോഗസ്ഥർക്ക്‌ പരിശീലനം നൽകും. 2021ൽ സെൻസസിന്‌ തീരുമാനിച്ചെങ്കിലും കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ മാറ്റിവയ്‌ക്കുകയായിരുന്നു. കോവിഡ്‌ സാഹചര്യം മാറിയിട്ടും സെൻസസ്‌ പ്രക്രിയയിലേക്ക്‌ കടക്കാൻ സർക്കാർ കൂട്ടാക്കിയിരുന്നില്ല. ഇപ്പോൾ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളുടെ പുനർനിർണയംകൂടി കണക്കിലെടുത്താണ്‌ 2027ൽ സെൻസസിന്‌ തീരുമാനമെടുത്തത്‌.


നിലവിലെ വ്യവസ്ഥപ്രകാരം അടുത്ത മണ്ഡല പുനർനിർണയം 2026ന്‌ ശേഷമുള്ള ആദ്യ സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിലാവണം. 2027ലെ സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ മണ്ഡല പുനർനിർണയത്തിലേക്ക്‌ കടക്കാനാകും കേന്ദ്രസർക്കാർ ശ്രമിക്കുക. അങ്ങനെയെങ്കിൽ 2029ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പുതിയ മണ്ഡല പുനർനിർണയത്തിന്റെ അടിസ്ഥാനത്തിലാകും.



deshabhimani section

Related News

View More
0 comments
Sort by

Home