സെൻസസിൽ ജാതിക്കോളം മാത്രം; സാമ്പത്തികസ്ഥിതി രേഖപ്പെടുത്തില്ല

റിതിൻ പൗലോസ്
Published on Jun 06, 2025, 12:47 AM | 1 min read
ന്യൂഡൽഹി
ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടും ജെഡിയുവിന്റെ സമ്മർദത്തിന് വഴങ്ങിയും ജാതി സെൻസസ് ഉൾപ്പെടുത്തി ദേശീയ ജനസംഖ്യ കണക്കെടുപ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് അർധമനസ്സോടെ. 2021ൽ കോവിഡ് മൂലം വൈകിയ സെൻസസ് വളരെ നീട്ടി 2027ൽ മാത്രം നടത്തുന്നത് വേഗത്തിൽ മണ്ഡലപുനർ നിർണയം നടത്താമെന്ന ബിജെപി പദ്ധതിപ്രകാരമാണ്. സെൻസസിൽ ജാതിക്കോളം ഉൾപ്പെടുത്താൻ തയാറായെങ്കിലും സാമ്പത്തികസ്ഥിതി രേഖപ്പെടുത്തില്ലെന്ന സൂചനയും പുറത്തുവന്നു. സാമ്പത്തികസ്ഥിതി രേഖപ്പെടുത്താത്ത ജാതി സെൻസസ് അർഥശൂന്യമാവും.
കേന്ദ്രത്തിന്റെ നിലപാടിലെ തട്ടിപ്പാണ് കൂടുതൽ പുറത്തുവരുന്നത്. സാമ്പത്തികസ്ഥിതി പുറത്തായാൽ മുന്നാക്ക, പിന്നാക്ക വോട്ടുബാങ്കുകളെ ഒരുപോലെ ബാധിക്കുമെന്നാണ് ബിജെപിയുടെ ഭയം. എസ്‌സി, എസ്‌ടി, ഒബിസി തുടങ്ങി പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താതെയും 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം മാത്രം അന്തിമ കണക്ക് പുറത്തുവരുകയും ചെയ്യുന്ന നിലയിലാണ് സെൻസസിന് രൂപം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറിൽ ഇത് തിരിച്ചടിയാകുമെന്നതിനാൽ ജെഡിയു അടക്കമുള്ള സഖ്യകക്ഷികൾ ബിജെപിയോട് ഇടഞ്ഞേക്കും.
അന്തിമ സെൻസസ് കണക്ക് 2029ൽമാത്രം വരുമെന്നിരിക്കെ വനിതാസംവരണ നിയമവും ഫ്രീസറിൽ തുടരും. സെൻസസിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണമെന്നത് 2034 തെരഞ്ഞെടുപ്പ്‌വരെ നീളും. മണ്ഡലപുനർനിർണയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നീ രാഷ്‌ട്രീയലക്ഷ്യങ്ങളിലേയ്‌ക്കും സെൻസസിനെ ബിജെപി ചവിട്ടുപടിയാക്കും. മണ്ഡല പുനർനിർണയം 2026വരെ മരവിപ്പിച്ചിരിക്കുകയാണ്.
സെൻസസിനുശേഷം മണ്ഡല പുനർനിർണയം നടക്കണം. സാധാരണ നിലയിലായിരുന്നു സെൻസസ് പ്രക്രിയയെങ്കിൽ 2031ലെ സെൻസസ് പ്രകാരമായിരുന്നു പുനർനിർണയം നടത്തേണ്ടത്. എന്നാൽ 2021ലെ സെൻസസ് 2027 വരെ ബിജെപി നീട്ടിയത് അവർക്ക് അനുകൂലമായി വേഗത്തിൽ മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടാണെന്ന വിമർശം ശക്തമാണ്.









0 comments