വോട്ട് കൊള്ളക്കാരെ സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷണർ: രാഹുൽ ഗാന്ധി

ന്യൂഡൽഹി : രാജ്യത്തെ വോട്ട് കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സി സി ഗ്യാനേഷ് കുമാറും സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ കർണാടകത്തിലെ അലന്ദ്, മഹാരാഷ്ട്രയിലെ രജുര തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ട് കൊള്ളയുടെ തെളിവുകൾ വ്യക്തമാക്കിയാണ് രാഹുൽ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ രംഗത്തെത്തിയത്. കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകളാണ് ഒഴിവാക്കിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
തന്റെ ബന്ധുവിന്റെ പേര് ഒഴിവാക്കിയതായി സംശയം തോന്നിയ ബൂത്ത് ലെവൽ ഓഫീസറാണ് ഈ കള്ളക്കളി കണ്ടെത്തിയത്. കോൺഗ്രസിന് ഭൂരിപക്ഷമുള്ള ബൂത്തുകളിലാണ് വോട്ടുകൾ ഒഴിവാക്കിയത്. ചില വോട്ടർമാരുടെ പേരിൽ ഫേക്ക് ലോഗിനുകൾ സൃഷ്ടിച്ചാണ് പേരുകൾ ഡിലീറ്റ് ചെയ്തിരുന്നത്. ഇവയെല്ലാം കർണാടകത്തിന് പുറത്തുനിന്നുള്ള ഫോൺ നമ്പരുകളാണ്. ചില ഐഡികളിൽ നിന്ന് 36 സെക്കൻഡിനുള്ളിലാണ് രണ്ട് അപേക്ഷകൾ നൽകിയത്. മിക്ക അപേക്ഷകളിലും ഒരേ സീരിയൽ നമ്പറാണ്. വോട്ട് കൂടുതലായി ഒഴിവാക്കിയ പത്തിൽ എട്ട് ബൂത്തുകളും കോൺഗ്രസിന്റെ ശകതി കേന്ദ്രങ്ങളാണ്. 6850 വ്യാജ വോട്ടുകളാണ് രജുരയിൽ അധികമായി ചേർത്തത്. അലാന്ദിൽ വോട്ടുകൾ ഒഴിവാക്കിയപ്പോൾ രജുരയിൽ വോട്ടുകൾ അധികമായി ചേർക്കുകയായിരുന്നു.
ഇത്തരത്തിൽ വോട്ടുകൾ ചേർക്കുകയും നീക്കം ചെയ്യുകയും ചെയ്തു. ഈ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷണർ. ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കുന്നവരെ സംരക്ഷിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ. ഇന്ത്യയിലുടനീളമായി ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടുകളാണ് ചിലർ ചേർന്ന് ഡിലീറ്റ് ചെയ്തത്. ആദിവാസികളും ഒബിസി ന്യൂനപക്ഷ വിഭാഗങ്ങളും പ്രതിപക്ഷത്തിന് വോട്ട് ചെയ്തിരുന്നവരുമാണ് ലക്ഷ്യം വയ്ക്കപ്പെട്ടത്. വിഷയത്തിൽ കർണാടക സിഐഡി എഫ്ഐആർ ഫയൽ ചെയ്യുകയും 18 മാസത്തിനുള്ളിൽ 18 കത്തുകൾ തെരഞ്ഞെടുപ്പ് കമീഷന് അയയ്ക്കുകയും ചെയ്തു. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങളൊന്നും തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ വിവരങ്ങൾ നൽകിയാൽ വോട്ട് കൊള്ളയുടെ ഉറവിടം മനസിലാക്കുമെന്നതിനാൽ വിവരങ്ങൾ നൽകാതെ കൊള്ളക്കാരെ സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷണറെന്നും രാഹുൽ ഗാന്ധി പറഞ്ഞു.









0 comments