സോഷ്യൽ മീഡിയ പ്രചരണങ്ങൾ തള്ളി സിബിഎസ്‍ഇ; 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കില്ല

ന്യൂഡൽഹി: പരീക്ഷാ ഫലം സംബന്ധിച്ച സോഷ്യൽ മീഡിയ പ്രചരണങ്ങൾ തള്ളി സിബിഎസ്‍ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വ്യക്തമാക്കി. ഫലം പുറത്തുവിടുന്ന തീയതി ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും മുതിർന്ന ബോർഡ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
മെയ് 2ന് സിബിഎസ്‍ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ ബോർഡ് ഫലം പ്രസിദ്ധീകരിക്കുന്ന തിയതി മുൻകൂട്ടി അറിയിക്കുമെന്നും വ്യക്തമാക്കി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18 നും 12-ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 4 നുമാണ് അവസാനിച്ചത്. ഈ വർഷം പത്താം ക്ലാസ് പരീക്ഷയിൽ 24.12 ലക്ഷം വിദ്യാർഥികളും, പ്ലസ് ടുവിൽ 17.88 ലക്ഷം സിബിഎസ്ഇ വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്.
കഴിഞ്ഞ വർഷങ്ങളിലെ ട്രെൻഡുകൾ അനുസരിച്ച്, സിബിഎസ്ഇ ഫലങ്ങൾ സാധാരണയായി മെയ് രണ്ടാം വാരത്തിലാണ് പ്രഖ്യാപിക്കുന്നത്. 2024 ൽ മെയ് 13 നാണ് ഫലം പ്രസിദ്ധീകരിച്ചത്. ഈ വർഷവും സമാനമായ രീതിയിൽ ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തീയതി സംബന്ധിച്ച് ബോർഡ് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.








0 comments