മലയാളത്തെയും വെട്ടി സിബിഎസ്‌ഇ

അഖില ബാലകൃഷ്ണൻ
Published on Mar 02, 2025, 12:10 AM | 1 min read
ന്യൂഡൽഹി പത്താം ക്ലാസുകാർക്ക് വർഷം രണ്ട് ബോർഡ് പരീക്ഷ നടത്താൻ ലക്ഷ്യമിട്ട് സിബിഎസ്‌ഇ പുറത്തുവിട്ട കരട് രേഖയിൽനിന്ന് മലയാളത്തെയും വെട്ടി. പ്രാദേശിക, വിദേശ ഭാഷകളുടെ കൂട്ടത്തിൽ മലയാളം, കന്നഡ, അറബിക്, അസമീസ്, പഞ്ചാബി തുടങ്ങിയവയാണ് ഒഴിവാക്കിയത്. ചൊവ്വാഴ്‌ചയാണ് പുതിയ കരട് മാർഗരേഖ സിബിഎസ്‌ഇ പുറത്തിറക്കിയത്. ഇംഗ്ലീഷാണ് ഒന്നാം ഭാഷ, ഹിന്ദി രണ്ടാം ഭാഷയും.
പ്രാദേശിക, വിദേശ ഭാഷകളുടെ കൂട്ടത്തിൽ സംസ്‌കൃതത്തിന്റെ രണ്ട് വിഭാഗങ്ങൾ ഉൾപ്പെടുത്തി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമായതോടെ പട്ടികയിൽ തമിഴ് ഉൾപ്പെടുത്തി. പഞ്ചാബിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ ആം ആദ്മി പാർടി സർക്കാർ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. മാത്രമല്ല, സംസ്ഥാനത്ത് സിബിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ ബോര്‍ഡുകള്‍ക്കും കീഴിലുള്ള സ്‌കൂളുകളിലും പഞ്ചാബി ഭാഷാപഠനം നിര്‍ബന്ധമാക്കി. പഞ്ചാബി പ്രധാന വിഷയമായി പഠിച്ചാലേ പത്താം ക്ലാസ് പാസായതായി കണക്കാക്കൂ എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം. മലയാളവും പഞ്ചാബിയും ഉൾപ്പെടെയുള്ള ഭാഷകൾ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ, കരടുരേഖയിലുള്ള ഭാഷാ പട്ടിക പൂർണമല്ലെന്ന വിശദീകരണവുമായി സിബിഎസ്‌ഇ രംഗത്തെത്തി. സിലബസിലുള്ള എല്ലാ ഭാഷകളും 2025–-26 അധ്യയന വർഷത്തിൽ തുടരുമെന്നുമാണ് അറിയിപ്പ്.









0 comments