സിബിഐ, ഇഡി സംഘങ്ങൾ ബെൽജിയത്തിലേക്ക്; ജാമ്യാപേക്ഷ നൽകി മെഹുൽ ചോക്സി

ന്യൂഡൽഹി : ബെൽജിയത്തിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിയെ തിരികെയെത്തിക്കാൻ ഇഡി, സിബിഐ സംഘങ്ങൾ ബെൽജിയത്തിലേക്ക്. സിബിഐ - ഇഡി സംഘം അടുത്ത ദിവസം ബെൽജിയത്തിലേക്ക് തിരിക്കുമെന്നാണ് വിവരം. അതിനിടെ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഹുൽ ജാമ്യാപേക്ഷ നൽകി. അർബുദബാധിതനാണെന്നും ചികിത്സ വേണമെന്നും കാണിച്ചാണ് ജാമ്യാപേക്ഷ. ഇത് അടുത്തയാഴ്ച ബെൽജിയം കോടതി പരിഗണിക്കുമെന്നാണ് വിവരം. സിബിഐ - ഇഡി സംഘങ്ങൾ ബെൽജിയത്തിലെത്തി നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ മെഹുലിനെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ വർഷം ആദ്യമാണ് മെഹുലിനെ കൈമാറണമെന്നു കാണിച്ച് സിബിഐ അപേക്ഷ നൽകിയത്.
രാജ്യത്തെ ബാങ്കിങ് മേഖലയെ മുഴുവൻ പിടിച്ചുകുലുക്കിയ കോടികളുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാളായ ചോക്സി ഏപ്രിൽ 12ന് ബെൽജിയത്തിലാണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്തുവരുന്നതിനു മുമ്പ് ഇയാൾ രാജ്യം വിട്ടിരുന്നു. 13,850 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണ് മെഹുൽ ചോക്സിയും അനന്തരവൻ നീരവ് മോദിയും. 2018 മുതൽ ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയായിരുന്നു. 2018ലും 2021ലുമായി മുംബൈ പൊലീസ് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പ്രകാരമാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.









0 comments