നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു

മുംബൈ: നീറ്റ് യുജി പരീക്ഷയിൽ ഉന്നത റാങ്കിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പക്കൽനിന്നും ലക്ഷങ്ങൾ തട്ടിച്ച രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് പേരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
സോളാപൂരിലെയും നവി മുംബൈയിലെയും താമസക്കാരായ സന്ദീപ് ഷാ, സലിം പട്ടേൽ എന്നിവരാണ് പ്രതികൾ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുത്തി റാങ്കിൽ കൃത്രിമം കാണിച്ച് മുന്നിൽ എത്തിക്കാം എന്നായിരുന്നു വാഗ്ദാനം.
മുഖ്യ സൂത്രധാരനെ പിടികൂടാനായില്ല
തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന മൂന്നാമത്തെ പ്രതിയെ സിബിഐ അന്വേഷിക്കയാണ്.
ഓരോ കുട്ടിയിൽ നിന്നും 90 ലക്ഷം രൂപ വരെ അവർ ആവശ്യപ്പെട്ടു. വിലപേശലിനിടെ തുക 87.5 ലക്ഷമായി കുറച്ചതായും പോലീസ് പറഞ്ഞു. മുംബൈയിലെ പരേൽ പ്രദേശത്തെ ഐടിസി ഗ്രാൻഡ് സെൻട്രൽ ഹോട്ടലിൽ മാതാപിതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയായിരുന്നു തട്ടിപ്പ്.
കുട്ടികളുടെ സ്കോറുകൾ വർദ്ധിപ്പിക്കാമെന്നും പുതുക്കിയ മാർക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനത്തിന് ആറ് മണിക്കൂർ മുമ്പ് അവ വെളിപ്പെടുത്തുമെന്നും ഉറപ്പും നൽകി.
നവി മുംബൈയിലും പൂനൈയിലുമായി പ്രവേശന കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന വ്യക്തികളാണ്. ഇവരുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽ വഞ്ചിക്കപ്പെട്ട വിദ്യാർഥികളുടെ വിശദാംശങ്ങൾ, അവരുടെ റോൾ നമ്പറുകൾ, അഡ്മിറ്റ് കാർഡുകൾ, ഒഎംആർ ഷീറ്റുകൾ, ഹവാല നെറ്റ്‌വർക്കുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ എന്നിവ കണ്ടെത്തിയതായി സിബിഐ വക്താവ് അറിയിച്ചു.
ഈ ആഴ്ച ആദ്യം ഇരുവരെയും പ്രത്യേക കോടതിയിൽ ഹാജരാക്കി. ജൂൺ 16 വരെ സിബിഐ കസ്റ്റഡിയിലാണ്.
0 comments