മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം: വെള്ളപ്പൊക്കത്തിൽ ഒരു മരണം, ഒരാളെ കാണാതായി

വിദർഭ : മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം. മുംബൈ നഗരം കനത്ത മഴയിൽ മുങ്ങിയതിനു പിന്നാലെ ബീഡ്, വിദർഭ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമായി. ബീഡ് ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുകിപ്പോയി. ഒരാൾ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച അർദ്ധരാത്രി പാർലിയിലെ കൗഡ്ഗാവ് ഹുഡ-കാസർവാടി റോഡിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പാർലിയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ദിഗ്രാസിലേക്ക് മടങ്ങുകയായിരുന്ന നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളപ്പൊക്കത്തിൽ ഇവരുടെ കാർ ഒഴുകിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ദുരന്ത നിവാരണ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. നദിയുടെ കരയിൽ കുടുങ്ങിയ നിലയിലാണ് ഒരാളെ കണ്ടെത്തിയത്. നദിയുടെ മറുവശത്ത് നിന്ന് മറ്റ് രണ്ട് പേരെയും കണ്ടെത്തി. കാറിലുണ്ടായിരുന്ന നാലാമനെ രക്ഷിക്കാനായില്ലെന്നും യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ഗഡ്ചിരോളി ജില്ലയിൽ കനത്ത മഴയെ തുടർന്ന് കരകവിഞ്ഞൊഴുകുന്ന അരുവിയിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഭമ്രഗഡ് താലൂക്കിലെ കോഡ്‌പെ ഗ്രാമത്തിൽ നിന്നുള്ള 19കാരനെയാണ് അരുവി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. യുവാവിനായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളപ്പൊക്കത്തെത്തുടർന്ന് ദേശീയ പാതകളും സംസ്ഥാന പാതയും മറ്റ് അഞ്ച് റോഡുകളും അടച്ചിട്ടതായി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗഡ്ചിരോളിയിൽ 'ഓറഞ്ച്' അലർട്ടും വിദർഭ മേഖലയിലെ നാഗ്പൂർ, വാർധ, ഭണ്ഡാര, ഗോണ്ടിയ, ചന്ദ്രപൂർ, അമരാവതി, അകോള, യവത്മാൽ, ബുൾദാന, വാഷിം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.









0 comments