ഡൽഹി പൊലീസിന് താക്കീത്: ബംഗ്ലാദേശിലേക്ക് നാടുകടത്തിയവരെ തിരികെയെത്തിക്കാൻ കൽക്കത്ത ഹൈക്കോടതി ഉത്തരവ്

chc
വെബ് ഡെസ്ക്

Published on Sep 27, 2025, 05:39 PM | 3 min read

കൊൽക്കത്ത: ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് ഡൽഹി പോലീസ് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ പശ്ചിമ ബംഗാൾ നിവാസികളെ തിരികെ കൊണ്ടുവരാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. നാല് ആഴ്ചകൾക്കുള്ളിൽ പൗരന്മാരെ തിരികെ എത്തിക്കാൻ ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തിയും റീതോബ്രോട്ടോ കുമാർ മിത്രയും ആവശ്യപ്പെട്ടു.


നാടുകടത്തപ്പെട്ടവരുടെ മകൾ, മരുമകൻ, ചെറുമകൻ എന്നിവർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തിടുക്കപ്പെട്ടുള്ള നാടുകടത്തൽ നടപടിയെ കോടതി നിശിത ഭാഷയിൽ വിമർശിക്കയും ചെയ്തു.


ജൂൺ 26 നാണ് പൊലീസ് നടത്തിയ 'ഐഡന്റിറ്റി വെരിഫിക്കേഷൻ ഡ്രൈവ്' വഴി ഇവരെ നാടുകടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 02.05.2025 ലെ നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടി ഉണ്ടായത്.


തങ്ങൾ ബംഗ്ലാദേശ് സ്വദേശികളാണെന്ന് ഇവർ സമ്മതിച്ചിരുന്നതായാണ് പൊലീസ് വാദം. ഇന്ത്യൻ പൗരന്മാരാണെന്ന് സ്ഥാപിക്കുന്നതിനുള്ള ആധാർ കാർഡുകളോ റേഷൻ കാർഡുകളോ വോട്ടർ തിരിച്ചറിയൽ കാർഡുകളോ മറ്റേതെങ്കിലും രേഖയോ ഹാജരാക്കുന്നതിൽ ഇവർ  പരാജയപ്പെട്ടതായും അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ ഇവയെല്ലാം കോടതി തള്ളി.


നാടുകടത്തപ്പെട്ടവരിൽ ഒരാൾ പൂർണ്ണഗർഭിണി


നാടുകടത്തപ്പെട്ട ആറ് പേരിൽ ബിർഭും ജില്ലയിൽ നിന്നുള്ള രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണ്. സുനാലി ഖാത്തൂൺ, ഭർത്താവ് ഡാനിഷ് ഷെയ്ക്ക്, അവരുടെ പ്രായപൂർത്തിയാകാത്ത മകൻ സാബിർ ഷെയ്ക്ക്, മറ്റൊരു കുടുംബത്തിലെ സീറ്റി ബീബി, കുർബൻ ഷെയ്ക്ക്, അവരുടെ പ്രായപൂർത്തിയാകാത്ത മകൻ ഇമാം ദിവാൻ.


സുനാലി ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് പൊലീസ് പിടിച്ചു കൊണ്ടു പോയത്. ഡൽഹിയിലെ രോഹിണിയിൽ പാഴ് വസ്തുക്കൾ പെറുക്കി വിൽക്കുന്ന ജോലി ചെയ്ത് ജീവിച്ചിരുന്നവരാണ്.


പൊലീസ് കാട്ടിയത് അത്യുത്സാഹം


"സംശയം, അത് എത്ര ഉയർന്നതായാലും, യഥാർത്ഥ തെളിവിന് പകരമാകാൻ കഴിയില്ല. തടവിലാക്കിയവർക്കെതിരെ 'പ്രതികൂല സുരക്ഷാ റിപ്പോർട്ടും' ഇല്ല. തടവുകാരുടെ ബന്ധുക്കൾ പശ്ചിമ ബംഗാൾ സംസ്ഥാനത്താണ് താമസിക്കുന്നത്. അവർ സംസ്ഥാനത്തിന് ദോഷകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന ആരോപണമില്ല. തടവുകാരെ നാടുകടത്തുന്നതിലെ അമിതമായ ഉത്സാഹം ഇവിടെ ദൃശ്യമാണെന്ന് കോടതി പറഞ്ഞു. തെറ്റിദ്ധാരണയ്ക്ക് സാധ്യതയുള്ളതും രാജ്യത്തെ ജുഡീഷ്യൽ അന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നതുമാണ് ഇത്തരം നടപടികൾ എന്നും അഭിപ്രായപ്പെട്ടു.


chc1

“ജനങ്ങളുടെ ജീവിതശൈലിയാണ് നിയമത്തിന്റെ സ്വഭാവം നിർണയിക്കുന്നത്, അതിന്റെ വിപരീതമല്ല. നിയമത്തെ സാഹചര്യങ്ങളിൽ നിന്ന് വേർതിരിച്ച് കാണാൻ കഴിയില്ല. അടിസ്ഥാനാവകാശങ്ങളെ മങ്ങിയതും ജീവനില്ലാത്തതുമായ വാക്കുകളായി വായിക്കരുത്. യാതൊരു നിയന്ത്രണങ്ങളോ യുക്തിസഹമായ മാനദണ്ഡങ്ങളോ നിശ്ചയിക്കാതെ അധികാരം പ്രയോഗിക്കുന്നത് ‘നിയമപ്രകാരമുള്ള നടപടിക്രമം’ ആയി കണക്കാക്കാൻ ഒരിക്കലും കഴിയില്ല എന്നും കോടതി കടുത്ത ഭാഷയിൽ ഓർമ്മപ്പെടുത്തി.



നാടുകടത്തിയത് അന്വേഷണം പോലും നടത്താതെ


കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച മെമ്മോയുടെ അടിസ്ഥാനത്തിൽ ഒരു അന്വേഷണവും നടത്താതെ രണ്ട് ദിവസത്തിനുള്ളിൽ തങ്ങൾ തടവിലാക്കിയവരെ പൊലീസ് നാടുകടത്തി. ഡൽഹി പോലീസ് പശ്ചിമ ബംഗാൾ പോലീസുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചിരുന്നില്ല. ഹർജിക്കാർ പരാതി നൽകിയിട്ടും പശ്ചിമ ബംഗാൾ പോലീസിൽ നിന്നുള്ള ഇമെയിലുകൾക്ക് ഡൽഹി പോലീസ് മറുപടി നൽകിയിട്ടില്ലെന്നും പശ്ചിമ ബംഗാൾ സ്റ്റേറ്റ് കൗൺസൽ ചൂണ്ടികാട്ടി.


നാടുകടത്തപ്പെട്ടവർ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിൽ പ്രവേശിച്ച തീയതി 1998 ആണ്. അനധികൃത വഴിയിലൂടെയാണ് രാജ്യത്ത് പ്രവേശിച്ചതെന്നും ചോദ്യം ചെയ്യൽ റിപ്പോർട്ട് ചൂണ്ടികാട്ടി പൊലീസ് വാദിച്ചു. 1946-ലെ വിദേശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, താൻ വിദേശിയല്ലെന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ട വ്യക്തിയുടെ ബാധ്യതയാണെന്നും പൊലീസിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ വാദം ഉയർത്തി.


ഡൽഹി പോലീസിനോട് ബംഗ്ലാദേശ് പൗരന്മാരാണെന്ന് അവർ സമ്മതിച്ചിട്ടുണ്ടെങ്കിൽപ്പോലും, ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു പ്രസ്താവന സമ്മർദ്ദത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ലഭിച്ചിരിക്കാമെന്ന് കോടതി പറഞ്ഞു. "ഒരു പോലീസ് ഉദ്യോഗസ്ഥന് മുമ്പാകെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഒരാൾ നടത്തുന്ന കുറ്റസമ്മത പ്രസ്താവന ഉപയോഗിച്ചുള്ള നാടുകടത്തൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 20(3), 21 എന്നിവയിൽ അടങ്ങിയിരിക്കുന്ന ഭരണഘടനാ ഉറപ്പുകളുടെ നേരിട്ടുള്ള ലംഘനമായിരിക്കും," കോടതി അഭിപ്രായപ്പെട്ടു.


ഉചിതമായ കോടതിക്ക് മുമ്പാകെയുള്ള കൂടുതൽ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പൗരത്വത്തെക്കുറിച്ചുള്ള കേസ് പരിഗണിക്കണമെന്ന് നിരീക്ഷിച്ചു.


ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നീ രേഖകളൊന്നും പൗരത്വത്തിന്റെയും തിരിച്ചറിയൽ രേഖയുടെയും ആധികാരിക തെളിവല്ലാത്തതിനാൽ പൗരത്വം തീരുമാനിക്കാൻ അത് പര്യാപ്തമല്ല. തടവുകാർ പൗരന്മാരല്ലെങ്കിൽ പോലും ഇപ്രകാരം അധികാരികൾ അവരെ നാടുകടത്താൻ തീരുമാനിക്കുന്നത് അനുചിതമായ നടപടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, നാല് ആഴ്ചയ്ക്കുള്ളിൽ അവരെ സ്വദേശത്തേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടു.


നാടുകടത്തലുകൾ പരിശോധിക്കുന്നതിൽ കോടതികളുടെ പങ്ക് ഈ വിധി ഉറപ്പാക്കുന്നു. കുടിയേറ്റ കേസുകളിലോ വിദേശികൾ ഉൾപ്പെട്ട കേസുകളിലോ ഭരണഘടനാ പരിരക്ഷകൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ബാധ്യതപ്പെടുത്തുകയും ചെയ്യുന്നു.


തടവിലാക്കി നാടുകടത്തിയവരെ ഇനി കോടതി വിധി ഉണ്ടായാലും ബംഗ്ലാദേശ് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിക്കുമോ എന്നത് ചോദ്യമായി അവശേഷിക്കയാണ്. ഇവരിൽ ഒരാളുടെ ആറു വയസായ മകൾ ഇപ്പോഴും ഡൽഹിയിലാണ്. രക്ഷിതാക്കളെ പൊലീസ് പിടിച്ചു കൊണ്ടു പോകുമ്പോൾ അവൾ ബന്ധു വീട്ടിലായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home