ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ 2.45 കോടിയുടെ സ്വർണക്കടത്ത്; ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് നടത്തിയ മിന്നൽ പരിശോധനയിൽ പിടി കൂടിയത് 2.45 കോടിയുടെ സ്വർണക്കടത്ത്. പശ്ചിമ ബംഗാളിലെ പെട്രാപോൾ ഇന്റർനാഷണൽ ചെക്ക് പോസ്റ്റിൽ വെച്ച് നടന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിങ്കളാഴ്ച നടന്ന പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ബംഗ്ലാദേശിലെ ബെനാപോളിലേക്ക് പോകാൻ ശ്രമിച്ച ഒരു ട്രക്ക് ബി.എസ്.എഫ്. വാഹന പരിശോധനാ വിഭാഗം തടയുകയായിരുന്നു. വിശദമായ പരിശോധനയിൽ ട്രക്കിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ 8 കഷണങ്ങളായി (6 സ്വർണ ബാറുകളും 2 സ്വർണ ബിസ്‌ക്കറ്റുകളും) പൊതിഞ്ഞ സ്വർണം കണ്ടെത്തി.
പിടികൂടിയ സ്വർണത്തിന് ഏകദേശം രണ്ട് കിലോഗ്രാം ഭാരമുണ്ടെന്നും ഇതിന് വിപണിയിൽ 2.45 കോടി രൂപ വിലമതിക്കുമെന്നും ബി.എസ്.എഫ്. അറിയിച്ചു. ട്രക്ക് അക്കരെ എത്തിക്കുന്നതിന് പകരമായി പണം കൈപ്പറ്റാമെന്ന് സമ്മതിച്ചതായി ചോദ്യം ചെയ്യലിൽ അറസ്റ്റിലായയാൾ സമ്മതിച്ചു. പിടികൂടിയ സ്വർണവും ട്രക്കും അറസ്റ്റിലായ വ്യക്തിയെയും കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.









0 comments