സുപ്രീംകോടതിയുടെ "സൗജന്യ" പരാമർശം; ഇന്ത്യയിലെ സ്ത്രീകളോട് നീതി പുലർത്തുന്നില്ല: ബൃന്ദ കാരാട്ട്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാർടികൾ "സൗജന്യങ്ങൾ" വാഗ്‌ദാനം ചെയ്യുന്നതിനെ വിമർശിച്ച സുപ്രീം കോടതിയ്ക്ക് തുറന്ന കത്തെഴുതി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പണിയെടുക്കാതെ സൗജന്യമായി റേഷനും പണവും ഉൾപ്പടെയുള്ള കാര്യങ്ങൾ കിട്ടിതുടങ്ങിയതോടെ ആൾക്കാർക്ക് പണിയെടുക്കാൻ താൽപര്യം ഇല്ലാതായെന്നായിരുന്നു ജസ്‌റ്റിസ് ഭൂഷൺ ആർ ഗവായുടെ പരാമർശം.അതിനെ വിമർശിച്ചായിരുന്നു ബൃന്ദ കാരാട്ടിന്റെ കത്ത്.
കത്തിന്റെ പൂർണ രൂപം
ബഹുമാനപ്പെട്ട സർ,
തൊഴിലാളിവർഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ദരിദ്രരായ സ്ത്രീകൾക്കിടയിൽ, സാമൂഹികവും രാഷ്ട്രീയവുമായ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിലാണ് ഞാൻ ഈ തുറന്ന കത്ത് എഴുതുന്നത്. ഭവനരഹിതരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു ഹർജിയിൽ വാദം കേൾക്കുന്നതിനിടെ "സൗജന്യങ്ങൾ" സംബന്ധിച്ച് കോടതി നടത്തിയ റിപ്പോർട്ടുമായി ബന്ധപ്പെട്ടാണിത്.
നഗരങ്ങളിൽ ഭവനരഹിതരായ ആളുകളുടെ പാർപ്പിടത്തിനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേ രാഷ്ട്രീയപാർടികളുടെ "സൗജന്യവാഗ്‌ദാനങ്ങൾ" എന്ന കോടതിയുടെ പരാമർശത്തെ മുൻവിധിയോടെ കാണാനിടയുള്ളതിനാൽ ഈ കത്ത് ആവശ്യമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ ഒരു ഹർജി പരിഗണനയിലുണ്ടെന്നും വിധിക്കായി കാത്തിരിക്കുകയാണെന്നും എനിക്കറിയാം. എന്നാൽ ഈ കത്തിലൂടെ ഞാൻ അഭ്യർത്ഥിക്കുന്നത് കോടതി പറഞ്ഞ ചില അഭിപ്രായങ്ങൾ പുനഃപരിശോധിക്കണമെന്നാണ്.
സർ, "നിർഭാഗ്യവശാൽ, തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ വരുന്ന ഈ സൗജന്യങ്ങൾ അതായത് ലഡ്കി ബഹിൻ പോലുള്ള പദ്ധതികൾ കാരണം, ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. അവർക്ക് സൗജന്യ റേഷൻ ലഭിക്കുന്നു, അവർക്ക് ജോലിയില്ലാതെ പണം ലഭിക്കുന്നു, അവർ എന്തിന് ജോലി ചെയ്യണം? എന്നാൽ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുകയും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ അവരെ അനുവദിക്കുകയും ചെയ്യുന്നതല്ലേ നല്ലത്? ഈ സൗജന്യങ്ങൾ കാരണം ചില സംസ്ഥാനങ്ങൾ സൗജന്യ റേഷൻ നൽകുന്നു. അതിനാൽ ആളുകൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച സൗജന്യങ്ങൾ കാരണം, കർഷകർക്ക് തൊഴിലാളികളെ ലഭിക്കുന്നില്ല. എല്ലാവർക്കും വീട്ടിൽ സൗജന്യം ലഭിക്കുമ്പോൾ, അവർ എന്തിനാണ് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത്?" ഇതുമായി സംബന്ധിച്ച് പ്രായോഗിക അനുഭവങ്ങൾ വച്ച് ഞാൻ ചില കാര്യങ്ങൾ പറയുന്നു. ഞാൻ ഒരു കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്.
"ലഡ്കി-ബെഹെൻ പദ്ധതി" എന്നത് ഒമ്പത് സംസ്ഥാന സർക്കാരുകൾ നേരിട്ട് 1000 മുതൽ 2000 രൂപ വരെ നൽകുന്നതാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾ പ്രകാരം കുറഞ്ഞത് 12 രൂപ ഇതിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പണം കാരണം, സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ കാര്യത്തിൽ, സ്ത്രീകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ലെന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഭൂരിഭാഗം സ്ത്രീകളും ഇതിനകം തന്നെ വീട്ടുജോലി ചെയ്യുന്നുണ്ട്. - വേതനമില്ലാത്ത ജോലി ചെയ്യുന്നു. കൂടാതെ പലപ്പോഴും കാർഷിക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജോലികളും അവർ വേതനമില്ലാത്ത ചെയ്യുന്നു. അതിനാൽ ഇവിടെ പ്രശ്നം അവർ ജോലി ചെയ്യുന്നില്ല എന്നല്ല, മറിച്ച് അവർ യാതൊരു പ്രതിഫലവുമില്ലാതെ ജോലി ചെയ്യുന്നു എന്നതാണ്. ശരാശരി ഇന്ത്യൻ സ്ത്രീകൾ ഒരു ദിവസം 7.2 മണിക്കൂറാണ് വീട്ടുജോലിക്കായി സമയം ചെലവഴിക്കുന്നത്. ഈ ജോലിയ്‌ക്ക് അവർക്ക് വേതനം ലഭിക്കുന്നില്ല. ഇങ്ങനെ ആഴ്ചയിൽ ഏകദേശം 50 മണിക്കൂർ വരെയാണ് അവർ വേതനമില്ലാതെ തൊഴിലെടുക്കുന്നത്. വീട്ടുജോലിക്കു പുറമേ പുറത്ത് വേതനമുള്ള ജോലി ചെയ്യുന്ന സ്ത്രീകളുമുണ്ട്. അവരുടെ രണ്ടിടത്തെയും ജോലി സമയം പരിശോധിച്ചാൽ തൊഴിലെടുക്കുന്ന സമയം വളരെ കൂടുതലാണ്.
2023-24 ലെ എസ്‌ബിഐ സർവേ പ്രകാരം, ഇത്തരത്തിൽ സ്ത്രീകൾ വേതനമില്ലാതെ ചെയ്യുന്ന ജോലിയുടെ വ്യാപ്തി ധനസമ്പാദനത്തിലേക്ക് കൊണ്ടുവന്നാൽ, അത് പ്രതിവർഷം 22 ലക്ഷം കോടി രൂപയാകും. ഇത് ആ വർഷത്തെ രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 7 ശതമാനമാണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ കുടുംബങ്ങളുടെ നിലനിൽപ്പിന്റെ ഒരു പ്രധാന ഘടകമാണ് ഇത്തരത്തിൽ വേതനമില്ലാതെ സ്‌ത്രീകൾ ചെയ്യുന്ന ജോലി. ലോകത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിലാണ് ഇത് ഉയർന്നു നിൽക്കുന്നത്.
സ്ത്രീകളുടെ ഈ ജോലികൾ സാമൂഹികമായി അംഗീകരിക്കപ്പെടാത്തതും "ജോലി ചെയ്യാത്ത സ്ത്രീകൾ" എന്ന് തരംതാഴ്ത്തപ്പെടുന്നതുമാണ്. ഖേദകരമെന്നു പറയട്ടെ, കോടതിയുടെ പരാമർശം ഈ ധാരണയ്ക്ക് ആക്കം കൂട്ടുന്നു. ഈ പദ്ധതികളിലൂടെ സ്ത്രീകൾക്ക് നൽകുന്ന സ്റ്റൈപ്പന്റ്, തുച്ഛവും അപര്യാപ്തവുമാണെങ്കിലും, സാമൂഹിക നഷ്ടപരിഹാരമായും ഒരു അവകാശമായും ഇതിനെ കണക്കാക്കാം. ഇത് ഔദാര്യമോ സൗജന്യമോ അല്ല. രാഷ്ട്രീയ പാർടികൾ തെരഞ്ഞെടുപ്പിന് ഈ അവകാശത്തെ ഒരു ആനുകൂല്യമായി കണക്കാക്കിയേക്കാം എന്നത് മറ്റൊരു കാര്യമാണ്.
സ്ത്രീകളുടെ വോട്ട് നേടുന്നതിനായി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ പാർടികൾ ഒരു പദ്ധതി ആരംഭിക്കുന്ന രീതിയെ വിമർശിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ ഈ പദ്ധതികൾ കാരണം സ്ത്രീകൾ "ജോലി ചെയ്യാൻ തയ്യാറാകുന്നില്ല" എന്ന് ആരോപിക്കുന്നത് വസ്തുതാപരമല്ല, അത് സ്ത്രീകളോട് ചെയ്യുന്ന അനീതിയുമാണ്.
ഉന്നയിക്കപ്പെടുന്ന മറ്റൊരു പ്രശ്നം "സൗജന്യ റേഷനെ"ക്കുറിച്ചാണ്. "ഒരുപക്ഷേ ബഹുമാനപ്പെട്ട ജഡ്ജിക്ക് വസ്തുതകളെക്കുറിച്ച് അറിയില്ലായിരിക്കാം. പരാമർശിക്കപ്പെടുന്ന സൗജന്യ റേഷൻ ഒരു വ്യക്തിക്ക് മാസം മുഴുവൻ വെറും 5 കിലോഗ്രാം മാത്രമാണ്, അതിൽ ധാന്യങ്ങൾ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇന്ത്യയിലെ ശരാശരി വ്യക്തിഗത ധാന്യ ഉപഭോഗം പ്രതിമാസം 9 കിലോഗ്രാം ആണ്. അതായത് ലഭിക്കുന്ന റേഷൻ കണക്കാക്കുന്ന ഉപഭോഗത്തേക്കാൾ കുറവാണ്. വാസ്തവത്തിൽ, ഭക്ഷ്യവിലക്കയറ്റം കുടുംബ ബജറ്റുകളെ തകർക്കുന്ന നിലയിലാണ്. ലോകത്തിൽ പോഷകാഹാരക്കുറവ് കൂടുതൽ നിലനിൽക്കുന്ന രാജ്യമാണിത്. ഈ കാരണങ്ങളാലാണ്, പ്രോട്ടീനുകളും താങ്ങാനാവുന്ന വിലയിൽ കൂടുതൽ പോഷകസമൃദ്ധമായ ഭക്ഷണവും ഉറപ്പാക്കാൻ റേഷനിങ് സമ്പ്രദായത്തിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തണമെന്ന് ബന്ധപ്പെട്ട പൗരന്മാരും സംഘടനകളും സമ്മർദ്ദം ചെലുത്തുന്നത്. എന്തായാലും, സൗജന്യ റേഷനിൽ മാത്രം ആർക്കും അതിജീവിക്കാൻ കഴിയില്ല.
ഇന്ത്യാ ഗവൺമെന്റിന്റെ ക്ഷേമ പദ്ധതികൾ സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാപരമായ ആവശ്യകതയാണ്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും അസമത്വമുള്ള സമൂഹങ്ങളിൽ ഒന്നായി റാങ്ക് ചെയ്യപ്പെട്ട നമ്മുടേത് പോലുള്ള ഒരു രാജ്യത്ത്.
സർ, നിങ്ങളുടെ അഭിപ്രായങ്ങൾ ഇന്ത്യയിലെ കഠിനാധ്വാനികളായ സ്ത്രീകളോട് നീതി പുലർത്തുന്നില്ല. വ്യാപകമായ തൊഴിലില്ലായ്മ, ലഭ്യമായ ജോലിയുടെ അസ്ഥിരത, കുറഞ്ഞ വേതനം എന്നിവ കാരണം ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങൾ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം തിരിച്ചറിയുന്നില്ല. രാജ്യത്തെ പരമോന്നത കോടതി നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അഭിപ്രായങ്ങൾ വഴി ദരിദ്രരുടെ അന്തസ്സ് കവർന്നെടുക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങൾ പുനഃപരിശോധിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.









0 comments