ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്തുവയസുകാരൻ മരിച്ചു

ബംഗളൂരു : ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പത്തുവയസുകാരൻ മരിച്ചു. 12 പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. സെൻട്രൽ ബംഗളൂരുവിലെ വിൽസൺ ഗാർഡനിലെ ചിന്നയൻപാളയയിലാണ് സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പൊലീസ് എന്നിവർ സംഭവസ്ഥലത്തുണ്ട്.
വീടുകൾ പരസ്പരം ചേർന്നു കിടക്കുന്ന, ജനസാന്ദ്രത കൂടിയ പ്രദേശമാണിത്. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പത്തോളം വീടുകൾ തകർന്നതായി അഗ്നിശമന സേന വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ ചില വീടുകളുടെ ഗ്ലാസ് ജനാലകൾക്കും വാതിലുകൾക്കും കേടുപാടുകൾ സംഭവിച്ചു. സിലിണ്ടർ ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ചു. സ്ഫോടനം നടന്ന വീട്ടിൽ മൂന്നംഗ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നതായി സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഫോടനം നടന്ന വീട്ടിന് സമീപത്തുണ്ടായിരുന്ന വീട്ടിലെ കുട്ടിയാണ് മരിച്ചതെന്നാണ് വിവരം.









0 comments